ആദ്യം പറഞ്ഞിരുന്നത് ഇങ്ങനെയല്ല, ആന്റണിയുടേതാണ് അന്തിമ തീരുമാനം; ദൃശ്യം 2വിന്റെ ഒടിടി റിലീസിനുള്ള കാരണം പറഞ്ഞ് ജിത്തു ജോസഫ്

പുതുവത്സരം പിറന്നപ്പോള്‍ മലാള സിനിമാപ്രേമികള്‍ക്കായുള്ള പുതുവത്സര സമ്മാനമായിരുന്നു ദൃശ്യം ടുവിന്റെ ഒടിടി റിലീസ് തീരുമാനം. ആമസോണ്‍ പ്രൈം വഴി എത്തുന്ന ചിത്രം തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോഴുള്ള ആദ്യത്തെ റിലീസ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ തിയേറ്റര്‍ അനുഭവം കാത്തിരുന്ന മോഹന്‍ലാല്‍ ആരാധകര്‍ക്കും മറ്റുള്ളവര്‍ക്കും ഒടിടി റിലീസ് നിരാശയാണ് നല്‍കിയത്. തിയേറ്റര്‍ റിലീസിനോടാണ് തങ്ങള്‍ക്കും താത്പര്യമെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അതിന് അനുവദിക്കുന്നില്ലാ എന്നുമാണ് ചിത്രത്തിന്റെ സംവിധായകനായ ജിത്തു ജോസഫ് പറയുന്നത്. നിര്‍മ്മാതാവിന്റേതാണ് അന്തിമ തീരുമാനം എന്നും, സംവിധായകന്‍ ആയ താന്‍ അത് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ജോസഫ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

‘തിയേറ്റര്‍ റിലീസ് എന്ന ആഗ്രഹത്തിന്റെ പുറത്തുതന്നെയാണ് സിനിമ ചെയ്തത്. കോവിഡ് ആദ്യം ജൂണ്‍ ,ജൂലൈ മാസങ്ങളില്‍ തീരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് അത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അവസാനിക്കുമെന്നും ഡിസംബര്‍ ആകുമ്പോള്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നുമാണ് കരുതിയത്. ‘മരക്കാര്‍’ മാര്‍ച്ചിലേക്കും ‘ദൃശ്യം 2′ ജനുവരി 26 ലേക്കും റിലീസ് ചെയ്യാമെന്നാണ് ആന്റണി ആദ്യം പറഞ്ഞത്. വേറെയും റിലീസ് കാത്തിരിക്കുന്ന സിനിമകള്‍ ഉണ്ടല്ലോ എന്നും. പക്ഷേ കോവിഡ് പ്രതിസന്ധി കാരണം എല്ലാം നീണ്ടുപോയി. ആമസോണ്‍ പ്രതിനിധി ആന്റണിയെ സമീപിച്ചു. പക്ഷേ അപ്പൊഴും ഞങ്ങള്‍ തീരുമാനം എടുത്തിരുന്നില്ല. തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് നമ്മളും ഇത്രനാള്‍ ഇത് ഹോള്‍ഡ് ചെയ്തത്. പക്ഷേ യുകെയില്‍ വീണ്ടും ഔട്ട്‌ബ്രേക്ക് ഉണ്ടാവുന്നു, വിമാനത്താവളങ്ങള്‍ അടയ്ക്കുന്നു, അങ്ങനെ വന്നപ്പോഴേക്ക് ഡിസംബറിലാണ് ഒടിടി തീരുമാനം എടുക്കുന്നത്’, ജീത്തു ജോസഫ് പറയുന്നു.

Noora T Noora T :