ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് കോവിഡ് സഹായത്തിനും വാര്‍ത്തകള്‍ക്കുമായി വിട്ട് നല്‍കി അണിയറ പ്രവര്‍ത്തകര്‍

ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍.ആര്‍.ആര്‍. രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ വാര്‍ത്തകള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോഴിതാ കോവിഡ് കാലത്ത് വ്യത്യസ്തമായ ഒരു സേവനവുമായി എത്തിയിരിക്കുകയാണ് ആര്‍.ആര്‍.ആര്‍. 
ചിത്രത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് കോവിഡ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി വിട്ടു നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ രാജമൗലിയാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്.


‘ഇപ്പോഴത്തെ സാഹചര്യം അതികഠിനമാണ്, ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിന് വേണ്ടിയുള്ള ശ്രമം നടത്തുകയാണ്. 

RRR മൂവി എന്ന അക്കൗണ്ട് നിങ്ങള്‍ക്ക് പിന്തുടരാം കുറച്ച് വിവരങ്ങള്‍ അറിയുന്നതിനും നിങ്ങളുടെ ചുറ്റുമുള്ള വിവരങ്ങള്‍ ഏകോപിപ്പിക്കാനും ചില സഹായം നല്‍കാനും ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും’ എന്നും എസ്.എസ് രാജമൗലി ട്വീറ്റ് ചെയ്തു. നിലവില്‍ ട്വിറ്ററില്‍ നാല് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള പേജാണ് ആര്‍.ആര്‍.ആറിന്‍േറത്.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതി ഭീകരമായി പടരുമ്പോള്‍ രോഗികള്‍ ഓക്സിജനും ബെഡും വെന്റിലേറ്ററുകളും മറ്റ് സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലാണ്. നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. 

എന്നാല്‍, പലതും ആളുകളുടെ ശ്രദ്ധയില്‍ പെടാതിരിക്കുകയും സഹായം ലഭിച്ചതിന് ശേഷവും ചില പോസ്റ്റുകള്‍ വീണ്ടും പങ്കുവെക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇനിയും ഇത്തരത്തില്‍ സംഭവിക്കാതിരിക്കാനാണ് ആര്‍.ആര്‍.ആര്‍ ടീം അവരുടെ സിനിമയുടെ പേജ് വിട്ടുനല്‍കുന്നത്.

Vijayasree Vijayasree :