ബറോസിലേയ്ക്കുള്ള ക്ഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറിയിരുന്നു; പിന്നീട് ചിത്രത്തിലെത്തിയത് ഒരു കോള്‍ കാരണം, തുറന്ന് പറഞ്ഞ് സന്തോഷ് ശിവന്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തില്‍ നിന്നും ആദ്യം താന്‍ മാറിനിന്നതായി തുറന്ന് പറഞ്ഞ് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍.

തിരക്കഥാകൃത്ത് ജിജോ പൊന്നൂസ് നേരത്തെ തന്നെ വിളിച്ച് ചോദിച്ചിരുന്നു. പക്ഷേ, സമയമില്ല എന്നായിരുന്നു താന്‍ പറഞ്ഞത്. പിന്നീട് മോഹന്‍ലാല്‍ അണ്ണന്‍ വിളിച്ച് ചെയ്യാമോ എന്ന് ചോദിച്ചു. അതോടെ താന്‍ സമ്മതം പറഞ്ഞു എന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി.

ബറോസ് ഒരു ത്രീഡി സിനിമയാണ്. ടെക്‌നിക്കലി ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. മാത്രമല്ല ബറോസ് ഒരു കൊമേഴ്ഷ്യല്‍ ത്രില്ലര്‍ അല്ല.

ഇതൊരു പ്ലസന്റ് സിനിമയായി വരണമെന്ന് ലാല്‍ സാര്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായ സബ്ജക്ടാണെന്നും അത് എപ്പോഴും ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ അദ്ദേഹത്തിന്റെ ഇന്‍വോള്‍വ്‌മെന്റ് വളരെ വലുതാണ്. സിനിമ എങ്ങനെ വരണമെന്ന് അദ്ദേഹത്തിന് നല്ല ധാരണയുണ്ടെന്നും സന്തോഷ് ശിവന്‍ പറയുന്നു.

Vijayasree Vijayasree :