‘ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാന്‍ എന്റെ ഉമയ്ക്കു സാധിച്ചില്ല’ ; നീറുന്ന ഓര്‍മ്മകളുമായി മനു രമേശന്‍

സംഗീതാസ്വാദകര്‍ക്കും മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനാണ് സംഗീത സംവിധായകന്‍ മനു രമേശന്‍. ഇക്കഴിഞ്ഞ മാര്‍ച്ച് പതിനേഴിനാണ് മനു രമേശന്റെ ഭാര്യ ഉമ ദേവി മരണപ്പെടുന്നത്.

ഉറക്കത്തിനിടിയല്‍ മസ്തിഷ്‌കാഘാതം സംഭവിച്ചതാണ് മരണ കാരണം. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.

ഏറെ നാളത്തെ കഠിനാധ്വാനത്തിനു ശേഷം ഉമ ഡോക്ടറേറ്റ് നേടിയിട്ടും അത് സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടാതെ പോയതിനെക്കുറിച്ച് മനു രമേശന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

‘ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാന്‍ എന്റെ ഉമയ്ക്കു സാധിച്ചില്ല. പക്ഷേ ചടങ്ങിനിടെ വേദിയില്‍ അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അവള്‍ക്കു പകരം അവളുടെ സഹോദരനാണ് അംഗീകാരം ഏറ്റുവാങ്ങിയത്. ഡോക്ടറേറ്റ് നേടുന്നതിനായി അവള്‍ അതികഠിനമായി അധ്വാനിച്ചു.

അതിനായി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. വിടവാങ്ങുന്നതിനു മുന്‍പ് അവള്‍ വൈവയും മറ്റു ടെസ്റ്റുകളുമെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അങ്ങനെ അവള്‍ ഒരു വിജയിയായി ഉയര്‍ന്നു വന്നു. ഈ ലോകത്തിലെ ഏറ്റവും അഭിമാനിയായ ഭര്‍ത്താവ് ഞാന്‍ ആണ്, തീര്‍ച്ച’ എന്നാണ് മനും കുറിച്ചത്.

2010 സെപ്റ്റംബര്‍ 22നായിരുന്നു ഉമയുടെയും മനുവിന്റെയും വിവാഹം. കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി.പ്രൊഫസറായിരുന്നു ഉമ. മികച്ച നര്‍ത്തകി കൂടിയായിരുന്നു ഡോ ഉമ.

Vijayasree Vijayasree :