108 വര്‍ഷം നീണ്ട നിയമം അവസാനിച്ചു, ഇറ്റലിയില്‍ ഇനി സിനിമാ സെന്‍സറിംഗ് ഇല്ല

സിനിമകള്‍ക്കുള്ള സെന്‍സറിംഗ് സമവിധാനം അവസാനിപ്പിച്ച് ഇറ്റലി. 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രംഗങ്ങള്‍ നീക്കം ചെയ്യാനും ആവശ്യമെന്ന് തോന്നുന്നപക്ഷം സിനിമകള്‍ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന നിയമമായിരുന്നു ഇത്.

‘കലാകാരന്മാരുടെ സ്വാതന്ത്ര്യത്തില്‍ കയറാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന, നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല’എന്നാണ് സാംസ്‌കാരിക മന്ത്രി പ്രസ്താവനയില്‍ അറിയിച്ചത്.

വിഖ്യാതരായ പല സംവിധായകരുടെയും സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ‘കുപ്രസിദ്ധി’ ആര്‍ജ്ജിച്ച ഒന്നാണ് ഇറ്റലിയിലെ സെന്‍സറിംഗ് സംവിധാനം.

പിയര്‍ പാവ്‌ലോ പസോളിനിയുടെ ‘സാലോ’, ബെര്‍നാഡോ ബെര്‍ടൊലൂച്ചിയുടെ ‘ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഇറ്റലിയിലില്‍ നിരോധനം നേരിട്ടിട്ടുണ്ട്.

ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്ഥിരം ഓണ്‍ലൈന്‍ പ്രദര്‍ശന സംവിധാനമായ സിനിസെന്‍ഷുറയുടെ സര്‍വ്വേ അനുസരിച്ച് 274 ഇറ്റാലിയന്‍ സിനിമകളും 130 ഹോളിവുഡ് ചിത്രങ്ങളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 321 ചിത്രങ്ങളും രാജ്യത്ത് ഇതിനോടകം നിരോധനം നേരിട്ടിട്ടുണ്ട്.

Vijayasree Vijayasree :