സംവിധായകരുടെ ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അഭിമാനമാണ്; മലയാളി നടിമാര്‍ അന്യഭാഷാ നടിമാരേക്കാള്‍ ഒരുപൊടിക്ക് മുന്നിലാണെന്ന് ഗൗരി കിഷന്‍

96 എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഗൗരി കിഷന്‍. ഇപ്പോഴിതാ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്കും കടന്നിരിക്കുകയാണ് താരം.

തമിഴിലാണ് അരങ്ങേറിയതെങ്കിലും മലയാളത്തില്‍ എത്തിയപ്പോള്‍ പ്രത്യേകിച്ച് താനൊരു മലയാളി കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ നല്ല പ്രതികരണങ്ങള്‍ പല ഭാഗത്തു നിന്നും ലഭിച്ചെന്നും മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും ഗൗരി പറയുന്നു.

മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ശരിക്കും വീട്ടില്‍ എത്തുന്നതുപോലെയൊരു അനുഭവമാണെന്നും പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിന്റെ പുറത്തായിരുന്നെങ്കിലും മലയാളിയായിട്ടാണ് അച്ഛനും അമ്മയും തന്നെ വളര്‍ത്തിയതെന്നും ഗൗരി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

തന്റെ അനുഭവത്തില്‍ അഭിനയത്തിന്റെ കാര്യത്തില്‍ മലയാളി നടിമാര്‍ അന്യഭാഷാ നടിമാരേക്കാള്‍ ഒരുപൊടിക്ക് മുന്നിലാണെന്ന് ഗൗരി പറയുന്നു. നമ്മുടെ നടിമാര്‍ക്ക് സ്വാഭാവികമായി ഭാവങ്ങള്‍ വരുന്നതുപോലെ തോന്നിയിട്ടുണ്ട്. മറ്റു ഭാഷകളേക്കാള്‍ റിയലസ്റ്റിക് സിനിമകള്‍ എടുക്കുന്നതിന്റെ സ്വാധീനമായിരിക്കാം.

നാടകീയതയേക്കാള്‍ സ്വാഭാവിക അഭിനയത്തിനാണ് നമ്മള്‍ ശ്രമിക്കുക. ഞാന്‍ തന്നെ ചില ഭാവങ്ങള്‍ കൈയില്‍ നിന്ന് പ്രയോഗിക്കുമ്പോള്‍ മറ്റ് ഭാഷകളിലെ സംവിധായകര്‍ പറയാറുണ്ട്, ഇത് മലയാളിയായതിന്റെ ഗുണമാണെന്ന്. അത് കേള്‍ക്കുമ്പോള്‍ വല്ലാത്ത അഭിമാനമാണ്,’എന്നും ഗൗരി പറയുന്നു.

Vijayasree Vijayasree :