എല്‍ഡിഎഫ് തുടര്‍ഭരണം പരീക്ഷിച്ച് നോക്കാമെന്ന് പറഞ്ഞ ഷഹബാസ് അമനെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫേസ്ബുക്കില്‍ കൂടിയായിരുന്നു സനല്‍ കുമാറിന്റെ പ്രതികരണം. ചാണകത്തില്‍ കുളിക്കുന്നതേക്കാള്‍ മെച്ചമാണ് ചോരയില്‍ കുളിക്കുന്നതെന്ന് താങ്കള്‍ എഴുതി. ചോരയില്‍ കുളിക്കില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് എന്തും പറയാമല്ലോ എന്നും സനല്‍ പറയുന്നു.
സനല്‍കുമാര്‍ ശശിധരന്റെ വാക്കുകള്‍:
കഴുത്തില്‍ കുരുക്കിട്ട് ഒരുതവണ ഒന്ന് ചാടിനോക്കൂ. എന്താ സംഭവിക്കുക എന്നറിയാമല്ലോ! എന്തൊരു ഉദാരമായ കാഴ്ചപ്പാട് ഷഹബാസ് അമന്‍. അധാര്‍മികതയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും അഴിമതിയുടെയും കൊടുമുടിയിലിരിക്കുന്ന ഒരു ഭരണകൂടത്തെ, ഏകാധിപത്യത്തിന്റെ എല്ലാ സ്വഭാവങ്ങളും കാണിച്ചുകൊണ്ട് ജനവിധി തേടുന്ന ഒരു ഭരണകൂടത്തെ ഒരു പരീക്ഷണമെന്ന നിലയില്‍ ഒന്നുകൂടി അധികാരത്തിലേറ്റൂ എന്ത് സംഭവിക്കുക എന്ന് നോക്കാമല്ലോ. നമുക്കെന്താണ് നഷ്ടപ്പെടാനുള്ളത് എന്നൊക്കെയുള്ള ആഹ്വാനം കടുത്തുപോയില്ലേ എന്ന് ചിന്തിച്ചുപോയി.
സര്‍ക്കാരിനെതിരെ കമ എന്ന് ഒരക്ഷരം പറയാത്ത കലാകാരന്മാര്‍ വ്യവസായികള്‍ ബുദ്ധിജീവികള്‍ മുതല്‍ വാടകക്കൊലയാളികള്‍ക്ക് വരെ ആ പരീക്ഷണത്തിന്റെ റിസള്‍ട്ട് എന്തായാലും പേടിക്കേണ്ടതില്ല. അവര്‍ സുരക്ഷിതരായിരിക്കും. പക്ഷെ ഒരു പരീക്ഷണമെന്ന നിലയില്‍ തെരഞ്ഞെടുക്കൂ എന്ന് താങ്കള്‍ ആഹ്വാനം ചെയ്യുന്ന ജനതയുടെ അടിത്തട്ടിലുള്ളവര്‍ ഒരു പിഴവ് വന്നാല്‍ നരകിക്കും.

അതിന് നമുക്കെന്ത് അല്ലെ? ചാണകത്തില്‍ കുളിക്കുന്നതേക്കാള്‍ മെച്ചമാണ് ചോരയില്‍ കുളിക്കുന്നതെന്ന് താങ്കള്‍ എഴുതിയിരിക്കുന്നു. ചോരയില്‍ കുളിക്കില്ല എന്നുറപ്പുള്ളവര്‍ക്ക് ആലങ്കാരികമായി അത് പറയാം. ഗ്ലാഡിയേറ്റര്‍ സിനിമയിലെ ആരവം താങ്കളുടെ എഴുത്തില്‍ ഞാന്‍ കണ്ടു. താങ്കള്‍ക്ക് സമാധാനം കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സിപിഐ(എം) മുന്നില്‍ നിന്ന് നയിക്കുന്ന എല്‍ഡിഎഫിനെ സെക്കന്റ് ടേമിലേക്ക് തുടര്‍ച്ചയായി പരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും മികച്ച രണ്ടാമത്തെ അവസരമാണിത്. സിപിഎംനെപ്പോലുള്ള ഒരു കേഡര്‍ പ്രസ്ഥാനം തുടര്‍ഭരണത്തിലേക്ക് വന്നാലുള്ള ആഘാത പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണിത്. ആധുനികശാസ്ത്രാവബോധത്തെ കൂടെക്കൂട്ടാന്‍ നിര്‍ബന്ധിതരായ മറ്റേത് മുന്നണിയേയാണ് നിങ്ങള്‍ക്ക് അറിയുക.
ഇന്ത്യയില്‍ അത്തരത്തില്‍ ഒരു മുന്നണിയും നിലവില്‍ ഇല്ല. സ്ത്രീ സുരക്ഷയാണ് വികസനത്തിന്റെ ശരിയായ മുന്നുപാധി എന്ന് ഒരിക്കലും മനസിലാക്കാത്തവരാണ് ഇവിടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. ആരുടെ പത്രികയിലും അത് പ്രധാന കാര്യമല്ല. അത് രാഷ്ട്രീയക്കാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. അതിനാല്‍ നമ്മള്‍ നില്‍ക്കുന്നത് ആപേക്ഷികമായി മെച്ചപ്പെട്ടവരെ ഭരണച്ചുക്കാന്‍ ഏല്‍പ്പിക്കാന്‍ തെരഞ്ഞെടുക്കുന്ന ഒരു പ്രായോഗിക യന്ത്രത്തിന്റെ തൊട്ട് മുന്നിലാണ് നമ്മള്‍ എന്നതാണ് യാധാര്‍ത്ഥ്യം എന്ന് ഷഹബാസ് അമന്‍ പോസ്റ്റില്‍ പറഞ്ഞു.