ബോളിവുഡ് ഹിറ്റ് ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ലോകത്തിന്റെ വിവധ കോണുകളിലും ആരാധകരുള്ള കാര്യം സോഷ്യല്‍ മീഡിയയിലൂടെ പലതവണ കണ്ടിട്ടുമുണ്ട്. അത്തരത്തില്‍ ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്.
1975ല്‍ പുറത്തിറങ്ങിയ എക്കാലത്തേയും ക്ലാസിക് ഹിറ്റായ ‘ഷോലെ’ എന്ന ചിത്രത്തിലെ ‘ജബ് തക് ഹേ ജാന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന് ഒരു ഇറാനിയന്‍ വനിത ചുവടുവെച്ചും അഭിനയിച്ചും എത്തുന്നതാണ് വിഡിയോ.
സിനിമാഗാനം വെച്ച് വെറുതെ നൃത്തംവെക്കുകയല്ല ഈ ആരാധിക ചെയ്യുന്നത്. ചിത്രത്തിലെ ഗാനരംഗം അതേപടി പുനരാവിഷ്‌കരിക്കാനാണ് ഇറാനിയന്‍ വനിതയും കൂട്ടുകാരും ശ്രമിക്കുന്നത്.
ഹേമാമാലിനി തകര്‍ത്തഭിനയിച്ച ഗാനരംഗത്തിലേതു പോലെ അവര്‍ വില്ലന്‍ ഗബ്ബാര്‍ സിങ് മുതല്‍ നായകന്‍ വീരു വരെയുള്ള കഥാപാത്രങ്ങളായി മാറിക്കൊണ്ടാണ് നൃത്തം പുനരാവിഷ്‌കരിച്ചത്. എന്തായാലും വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. മൂന്ന് ഭാഗങ്ങളായി ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് കമന്റുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.