കുറച്ച് നാള്‍ ശാഖയില്‍ പോയട്ടുണ്ട്; അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായമാണ് ബി.ജെ.പി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ആയി മത്സരിക്കാന്‍ ഒരുങ്ങുകയാണ് വിവേക് ഗോപന്‍. അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായമാണ് ബി.ജെ.പിയെന്ന് പറയുകയാണ് താരം ഇപ്പോള്‍. താന്‍ ചെറുപ്പം മുതലേ ബി.ജെ.പി അനുഭാവി ആയിരുന്നുവെന്നും കുറച്ചുകാലം ശാഖയില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് പറഞ്ഞത്.

‘ഞാന്‍ ചെറുപ്പം മുതലേ ബി.ജെ.പി അനുഭാവി ആയിരുന്നു. കുറച്ചു കാലം ശാഖയില്‍ പോയിട്ടുണ്ട്. തിരുവനന്തപുരത്തെ പുത്തന്‍ ചന്ത ശാഖയിലായിരുന്നു പോയിരുന്നത്. സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും അനുഭാവിയായി തുടര്‍ന്നു’എന്നും വിവേക് പറഞ്ഞു.

നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനം എടുക്കാനുള്ള പ്രധാനമന്ത്രിയുടെ കഴിവും കാര്യപ്രാപ്തിയും എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റി. യുവാക്കളാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടത്. ഇപ്പോഴത്തെ തന്റെ പ്രായവും പക്വതയും അതിന് അനിയോജ്യമാണെന്നും വിവേക് പറയുന്നു.

ശരിയായ വികസനം എന്താണെന്ന് ചവറയിലെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാനുള്ള അവസരമാണിത് എന്നും സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകുവാനാണ് ആഗ്രഹമെന്നും വിവേക് പറയുന്നു. സിനിമ-സീരിയല്‍ രംഗത്ത് സജീവമായ വിവേക് ഗോപന്‍ പരസ്പരം എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Vijayasree Vijayasree :