‘ടീമേ…കേന്ദ്രത്തില്‍ ഇവന്മാര് ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ നുമ്മ ഒരു സൈക്കിള്‍ വാങ്ങിയതാണ്; ‘പ്രീമിയം പെട്രോള്‍ സെഞ്ചുറി അടിച്ചതോടെ സൈക്കിളോടിക്കുന്ന ചിത്രവുമായി ബിനീഷ് ബാസ്റ്റിന്‍

സംസ്ഥാനത്തു പെട്രോള്‍-ഡീസല്‍ വിലയില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്. ഇന്ന് പ്രീമിയം പെട്രോളിനു സംസ്ഥാനത്തു വിവിധയിടങ്ങളില്‍ നൂറ് രൂപ കടന്ന സാഹചര്യത്തില്‍ ഇതില്‍ പ്രതിഷേധിച്ചു സൈക്കിളോിടക്കുന്ന ചിത്രം പങ്കുവെച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ബിനീഷിന്റെ പ്രതികരണം.

‘ടീമേ…കേന്ദ്രത്തില്‍ ഇവന്മാര് ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ നുമ്മ ഒരു സൈക്കിള്‍ വാങ്ങിയതാണ്,’ എന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് ബിനീഷിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇന്ധനവില വര്‍ധനവിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ കാളവണ്ടിയുടെയും കുന്തത്തില്‍ പറക്കുന്ന ലുട്ടാപ്പിയുടെയും എല്ലാം ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

37 ദിവസത്തിനിടെ 21 തവണയാണ് സംസ്ഥാനത്തു ഇന്ധനവില വര്‍ധിച്ചത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണു കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിനു 95. 43 രൂപയും ഡീസലിന് 91. 88 പൈസയുമായി വില വര്‍ധിച്ചു. കോഴിക്കോടു പെട്രോള്‍ വില 95.68 രൂപയും ഡീസല്‍ 91.03 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്തു പെട്രോള്‍ വില 97.38 രൂപയും ഡീസലിനു 92.31 രൂപയുമാണ്.പ്രീമിയം പെട്രോളിനു തിരുവനന്തപുരത്തു 100.20 രൂപയായി വര്‍ധിച്ചു. വയനാട് ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 100.24 രൂപയായി.

Vijayasree Vijayasree :