‘മായന്നൂരിലെ ഞങ്ങടെ വീട്ടിൽ പുതിയ അതിഥികൾ വരാറായെന്ന് ലാൽ ജോസ്; സംവിധായകന്റെ വീട്ടിലെ പുതിയ വിശേഷം

ലോക്ക് ഡൗണും കോവിഡും സിനിമ മേഖലയെ വലിയ തോതിലാണ് ബാധിച്ചത്. ഇതോടെ താരങ്ങളും സിനിമ പ്രവർത്തകരും വീടുകളിൽ തന്നെയാണ്. ലോക്ഡൗൺ കാലത്ത് വായനയും സിനിമ കാണലും കൃഷിയുമാണു സംവിധായകൻ ലാൽ ജോസിന്റെ പ്രധാന നേരമ്പോക്കുകൾ. ഒറ്റപ്പാലത്തിനടുത്തു മായന്നൂരിൽ ഭാരതപ്പുഴയോരത്തുള്ള വീട്ടുവളപ്പിലെ വാഴത്തോട്ടത്തിൽ രാവിലെ കണ്ട കൗതുകമാണ് അദ്ദേഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

മായന്നൂരിലെ ഭാരതപ്പുഴയോരത്ത് വീടിരിക്കുന്ന പറമ്പിലെ റോബസ്റ്റ വാഴകൾ അടുത്തിടെയാണ് കുലച്ചത്. യാദൃശ്ചികമായി കുലയുടെ ഇടയിലെ ആ കാഴ്ച ലാൽ ജോസിന്‍റെ കണ്ണിൽപെടുകയായിരുന്നു. കുലയുടെ പടലകളുടെ ഇടയിൽ മനോഹരമായ ഒരു ചെറുകിളിക്കൂടും അതിൽ മൂന്ന് നീല മുട്ടുകളുമാണ് അദ്ദേഹം കണ്ടത്.
ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘മായന്നൂരിലെ ഞങ്ങടെ വീട്ടിൽ പുതിയ അതിഥികൾ വരാറായി, ശാസ്ത്രഭാഷയിൽ Eggs of Jungle babbler നമ്മക്ക് പൂത്താങ്കിരി അല്ലങ്കിൽ കരിയില കിളി മുട്ട, കദളീ വന ഹൃദയനീഡത്തിൽ ഒരു കിളി മുട്ട അടവച്ചു. കവിതയായി നീ വിരിയപ്പതും എന്നെഴുതിയ ഒ.എൻ.വി സാറിനെയും ഓർക്കുന്നു’ എന്നാണ് ലാൽ ജോസ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. എന്നാൽ കിളിമുട്ടകളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുത് എന്നൊരു എത്തിക്‌സ് ഫോട്ടോഗ്രാഫര്‍ക്കിടിയിലുണ്ടെന്ന കാര്യം കൂടി ഓർമ്മിപ്പിക്കുന്നുവെന്ന് ചിലർ പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.

ഏറെ നാള്‍ സിനിമയിൽ സഹസംവിധായകനായിരുന്ന അദ്ദേഹം ഒരു മറവത്തൂർ കനവ് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇതിനകം 25ഓളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നാല്പത്തിയൊന്ന് എന്ന സിനിമയാണ് ഒടുവിൽ സംവിധാനം ചെയ്തത്. മ്യാവൂ എന്ന സിനിമയാണ് അടുത്തതായി അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Noora T Noora T :