മഞ്ജു വാര്യരെ സംശയരോഗിയാക്കി ചിത്രീകരിക്കാന്‍ ദിലീപിന്റെ അഭിഭാഷകരുടെ ശ്രമം, ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അനൂപിനെ മൊഴി പഠിപ്പിച്ച് അഭിഭാഷകന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം നിര്‍ണായക വിവരങ്ങളാണ് പുറത്തെത്തിയത്. ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകരും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ക്രൈംബ്രാഞ്ചിന് പല വിവരങ്ങളും ലഭിച്ച സാഹചര്യത്തില്‍ നിരവധി പേരെയാണ് ചോദ്യം ചെയ്യേണ്ടതായിട്ടുള്ളത്. മാത്രമല്ല, തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നതിനാല്‍ തന്നെ അന്വേഷണം ഊര്‍ജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘം.

ഇതിനിടെ മഞ്ജു വാര്യരെ സംശയരോഗിയാക്കി ചിത്രീകരിക്കാന്‍ ദിലീപിന്റെ അഭിഭാഷകരുടെ ശ്രമം നടന്നതായുള്ള വിവരവും പുറത്തെത്തുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലാണ് ഇക്കാര്യമുള്ളത്. അതിജീവിതയെക്കുറിച്ചും നിര്‍ണായക പരാമര്‍ശങ്ങളാണ് അനൂപും അഭിഭാഷകരും തമ്മിലുള്ള സംഭാഷണത്തിലുള്ളത്.

‘2012 വാലന്റൈന്‍സ് ഡേയ്ക്ക് കാര്യങ്ങള്‍ പറഞ്ഞത് പ്രശ്നങ്ങളുടെ തുടക്കമായെന്നാണ് അതിജീവിത പറഞ്ഞിരിക്കുന്നത്. ഇത് ഒരു വര്‍ഷം ഷിഫ്റ്റ് ചെയ്ത് 2013 വാലന്റൈന്‍സ് ഡേയുടെ പിറ്റേന്നത്തേക്ക് എന്നാക്കണം. 2013 ഫെബ്രുവരി 15ന് ദിലീപിന് പഴയ നടിമാരുമായി ബന്ധമുണ്ടെന്ന് മഞ്ജു അനൂപിനോട് പറഞ്ഞു. തനിക്ക് ഇത് ഇങ്ങനെ പറ്റില്ലെന്നും മഞ്ജു പറഞ്ഞു. അങ്ങനെയൊന്നും ഉള്ളതല്ല ഇതെന്താ ചേട്ടത്തി അങ്ങനെ പറയുന്നതെന്ന് പറഞ്ഞ് അനൂപ് അത് നിഷേധിച്ചു.

ഇക്കാര്യം ദിലീപേട്ടനോട് പറഞ്ഞതോടെ അനൂപിനോട് മഞ്ജു മിണ്ടാതായി. പിന്നീട് ദിലീപിന്റെ കുടുംബത്തില്‍ നിന്ന് താന്‍ അകന്നെന്നും അനൂപ് മൊഴി കാണാപാഠം പഠിക്കുന്നതിനിടെ പറയുന്നു. അതിജീവിതയുടെ മൊഴിയെ നേരിടാന്‍ വേണ്ടിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ഈ ശ്രമങ്ങള്‍.

രണ്ട് മണിക്കൂര്‍ നീളുന്ന ശബ്ദരേഖയില്‍ മഞ്ജു വാര്യരെ കുറിച്ചും ശ്രീകുമാര്‍ മേനോനെ കുറിച്ചും അടക്കം പരാമര്‍ശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസില്‍ 20തോളം പ്രോസിക്യൂഷന്‍ സാക്ഷികളെ മൊഴി മാറ്റിയതായാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ് പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. വിസ്താരത്തിനിടെ എങ്ങനെ മൊഴി നല്‍കണം എന്ന് ദിലീപിന്റെ അഭിഭാഷകന്‍ അനൂപിന് പറഞ്ഞ് കൊടുക്കുന്ന ശബ്ദരേഖയാണ് അഫിഡവിറ്റിന്റെ രൂപത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നിര്‍ണായക തെളിവാണ് ഈ ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ദിലീപിന്റെ അടക്കമുളള ഫോണുകളില്‍ നിന്നും വിവരങ്ങള്‍ തിരിച്ചെടുത്ത കൂട്ടത്തില്‍ നിന്നാണ് ഈ നിര്‍ണായക ശബ്ദരേഖ ലഭിച്ചിരിക്കുന്നത്. ദിലീപിന് ശത്രുക്കളുണ്ടെന്ന് കോടതിയില്‍ പറയണമെന്ന് അനൂപിനോട് ഓഡിയോയില്‍ അഭിഭാഷകന്‍ പറയുന്നു. സംവിധായക ശ്രീകുമാര്‍ മേനോനും തിയേറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണമെന്നും ശബ്്ദരേഖയില്‍ പറയുന്നു.

ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണമെന്നും ശബ്ദരേഖയില്‍ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. ഗുരുവായൂരിലെ നൃത്ത പരിപാടിയുടെ പേരില്‍ വീട്ടില്‍ മഞ്ജുവും ദിലീപും തമ്മില്‍ വഴക്കുണ്ടായി എന്ന് പറയണമെന്നും പറയുന്നു. മഞ്ജു സിനിമയിലേക്കുളള തിരിച്ച് വരവിന് മുന്‍പ് വീണ്ടും പൊതുവേദിയിലേക്ക് വരുന്നത് ഗുരുവായൂരിലെ നൃത്തപരിപാടിയോട് കൂടിയായിരുന്നു.

മഞ്ജുവും ദിലീപും തമ്മില്‍ അകല്‍ച്ചയിലായിരുന്നു എന്ന രീതിയില്‍ വേണം സംസാരിക്കാന്‍ എന്ന് അഭിഭാഷകന്‍ പറയുന്നുണ്ട്. ഡാന്‍സ് പ്രോഗ്രാമുകളുടെ പേരില്‍ ദിലീപുമായി പ്രശ്നമുണ്ടാക്കിയെന്ന് പറയണം. മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്നും അഭിഭാഷകന്‍ പറയുന്നു. മഞ്ജു മദ്യപിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നും അനൂപ് പറയുന്നു. മദ്യപിക്കും എന്ന് പറയണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്.

വീട്ടില്‍ നിന്ന് പോകുന്ന ആ സമയത്ത് മഞ്ജു മദ്യപിക്കുമായിരുന്നുവെന്നും അതിന് മുന്‍പ് ഇല്ലായിരുന്നുവെന്നും പറയണമെന്ന് അഭിഭാഷകന്‍ പറയുന്നു. വീട്ടില്‍ വെച്ച് മദ്യപിച്ചിട്ടില്ല. പിന്നെ മദ്യപിക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്ന് ചോദിച്ചാല്‍ മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണമെന്നും അഭിഭാഷകന്‍ പറയുന്നു. പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണമെന്നും പറയുന്നു.

വീട്ടില്‍ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെന്നും ചേട്ടനുമായി അക്കാര്യം താന്‍ സംസാരിച്ചിട്ടുണ്ട് എന്നും പറയണമെന്നും അനൂപിനോട് പറയുന്നു. ചേട്ടന്‍ എന്ത് പറഞ്ഞു എന്ന് ചോദിച്ചാല്‍ അത് നോക്കാം, ഞാന്‍ സംസാരിക്കാം എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ലെന്ന് പറയണം. ഭാര്യ മദ്യപിക്കുന്നതില്‍ ചേട്ടന് എതിര്‍പ്പ് കാണുമായിരിക്കും, എന്നാല്‍ നിങ്ങളുടെ മുന്നില്‍ വെച്ച് ചേട്ടനും മഞ്ജുവും തമ്മില്‍ ഇതേക്കുറിച്ച് വഴക്കുണ്ടായിട്ടില്ലെന്ന് പറയണമെന്നും അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്നു.

Vijayasree Vijayasree :