ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി; ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരം ഉള്ളതുകൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ല എന്ന് പറഞ്ഞു; മമ്മൂക്ക വിളിച്ചപ്പോഴും എനിക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു ; തുറന്ന് പറഞ്ഞ് രണ്‍ജി പണിക്കര്‍ !

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും , തിരക്കഥാകൃത്തുമൊക്കെയാണ് രൺജി പണിക്കർ . മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കോമ്പോയാണ് മമ്മൂട്ടിയും രണ്‍ജി പണിക്കരും. ഇരുവരും ഒന്നിച്ച കിംഗ് പോലെയുള്ള പല സിനിമകളും ഇപ്പോഴും പ്രേക്ഷകര്‍ ആഘോഷിക്കുന്നുണ്ട്.

മമ്മൂട്ടിയുമായി തനിക്ക് സഹോദര ബന്ധമാണുള്ളതെന്നും പലപ്പോഴും അദ്ദേഹവുമായി ഇണക്കവും പിണക്കവുമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഒരു വട്ടം പിണങ്ങിയതിന് ശേഷം മമ്മൂട്ടി സിനിമയുടെ കഥ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ തയ്യാറായില്ലെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റി രണ്‍ജി പണിക്കര്‍ പറഞ്ഞത്.ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. അന്നു മുതല്‍ പല ലൊക്കേഷനുകളില്‍ വെച്ച് ഞങ്ങള്‍ പിണങ്ങുകയും ഇണങ്ങുകയും ചെയ്തിട്ടുണ്ട്. പിണങ്ങിയാല്‍ അദ്ദേഹത്തിന് ഇണങ്ങാന്‍ ഒരു ബുദ്ധിമുട്ടുമില്ല. സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍.

അതില്‍ വരുന്ന എല്ലാ ഗോസിപ്പുകളുടെയും വിചാരണകളുടേയും ഭാരം എന്റെ തലയിലേക്ക് വെക്കും അദ്ദേഹം. എന്നാല്‍ പത്രപ്രവര്‍ത്തനം എന്റെ ജോലിയായതുകൊണ്ട് മറ്റൊരാളുടെ അവഹേളനങ്ങള്‍ക്ക് പാത്രമാവേണ്ടതില്ല എന്ന ദൃഢനിശ്ചയം കൊണ്ട് ഞാന്‍ തിരിച്ചും അങ്ങനെ പ്രതികരിക്കും. അങ്ങനെ പലസംഭവങ്ങളുമുണ്ടായിട്ടുണ്ട്.എന്നാല്‍ പശുപതി എഴുതാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചു. അത് എന്റെ ഒരു മൂത്ത സഹോദരനെ പോലെ തോന്നിയിട്ടുള്ളത് കൊണ്ടാണ്. എന്നെയും അദ്ദേഹം അങ്ങനെയൊരു സഹോദരസ്‌നേഹത്തോടെയാണ് കാണുന്നത്,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.ഏകലവ്യന്റെ കഥ ഞാന്‍ അദ്ദേഹത്തോടാണ് ആദ്യമായി പറയുന്നത്. ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. അപ്പോള്‍ പിന്നെ മമ്മൂട്ടിയോട് ഇനി ഒരു കഥയും പറയില്ലെന്ന് വാശിയില്‍ സ്വയമൊരു തീരുമാനമെടുത്തു.

പിന്നീട് മമ്മൂട്ടിയെ നായകാനാക്കി അക്ബര്‍ എന്നൊരു നിര്‍മാതാവ് സിനിമ ചെയ്യണമെന്ന് പറഞ്ഞു വന്ന് കണ്ടു. പിന്നെ മമ്മൂട്ടി വിളിച്ചില്ലേ സിനിമ ചെയ്യുന്നില്ലേ എന്ന് ഷാജി കൈലാസ് എന്നോട് ചോദിച്ചു. ഷാജി ചെയ്‌തോ എനിക്ക് അങ്ങനൊരു സിനിമ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു.ഒരു വലിയ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയായിരുന്നു ആ സിനിമ. നിര്‍മാതാവ് കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. ഈ സിനിമ ചെയ്താലേ അദ്ദേഹത്തിന്റെ പ്രതിസന്ധി മാറൂ. എന്നാല്‍ എനിക്ക് ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരം ഉള്ളതുകൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ല എന്ന് പറഞ്ഞു.

മമ്മൂക്ക വിളിച്ചപ്പോഴും എനിക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു.ഒടുവില്‍ അക്ബര്‍ അമ്മയെ പോയി കണ്ടു. അമ്മ എന്നെ വിളിച്ചിട്ട് ആ സിനിമ നീ എഴുതിക്കൊടുക്കണം എന്ന് പറഞ്ഞു. എഴുതില്ല എന്ന് ഞാന്‍ പറഞ്ഞു. ഇങ്ങോട്ടൊന്നും പറയണ്ട അത് എഴുതണമെന്ന് അമ്മയും.

അങ്ങനെ അത് എഴുതാന്‍ തീരുമാനിച്ചു. അപ്പോഴും മമ്മൂക്കയോട് കഥ പറയാന്‍ വരില്ല എന്ന് പറഞ്ഞു. പിന്നെ ഒരു ദിവസം മമ്മൂട്ടി എന്നേയും ഷാജിയേും വീട്ടില്‍ വിളിച്ചുകൊണ്ടുപോയി ബിരിയാണി തന്നു. എന്നിട്ട് കഥ പറയാന്‍ പറഞ്ഞു. പറയില്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടി ഇതൊക്കെ ഒരു കൗതുകത്തോടെയായിരിക്കും കിംഗ് എന്ന സിനിമയില്‍ അഭിനയിച്ചത്. അല്ലാതെ ഞാന്‍ എഴുതിയ കഥയില്ലേല്‍ മമ്മൂട്ടിക്ക് നിലനില്‍പ്പില്ലാത്തത് കൊണ്ടല്ലല്ലോ. പലപ്പോഴും നമ്മുടെ ധാരണകളെ ആളുകള്‍ മറികടക്കുന്നത് അവരുടെ ഹൃദയവിശാലത കൊണ്ടാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

about ranji panikkar

AJILI ANNAJOHN :