സീരിയലില്‍ താന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി അഭിനയിക്കാറില്ല, ഇത് വരുംതലമുറയോട് ചെയ്യുന്ന നന്മയാണ്; ചില സീരിയലുകള്‍ കാണുമ്പോള്‍ വല്ലാതെ ചൂളിപ്പോവുകയാണെന്ന് നടന്‍ പ്രേംകുമാര്‍

മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് പ്രേംകുമാര്‍. സിനിമയില്‍ സജീവമല്ലെങ്കിലും അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താനൊരു സീരിയല്‍ വിരുദ്ധനൊന്നും അല്ലെന്നും എന്നാല്‍, ഇപ്പോഴത്തെ ചില സീരിയലുകള്‍ കാണുമ്പോള്‍ വല്ലാതെ ചൂളിപ്പോവുകയാണെന്നുമാണ് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ പറയുന്നത്.

സീരിയലില്‍ താന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി അഭിനയിക്കാറില്ല. ഇത് വരുംതലമുറയോട് ചെയ്യുന്ന നന്മയാണെന്നും അദ്ദേഹം പറഞ്ഞു. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളുണ്ട്. അവ മലയാളികളുടെ ഭാഷയ്ക്കും സംസ്‌കാരത്തിനുമേല്‍പ്പിക്കുന്ന മുറിവുകളെ കുറിച്ച് വിശദമായി ചിന്തിക്കേണ്ടതുണ്ട്. അത്തരം സീരിയലുകള്‍ സമൂഹത്തിന് എന്‍ഡോസള്‍ഫാനിനേക്കാള്‍ മാരകമാണ് എന്ന തിരിച്ചറിയുക. അദ്ദേഹം പറഞ്ഞു.

അതേസമയം, തനിക്ക് സിനിമയില്‍ അവസരം കുറഞ്ഞതിനെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസരങ്ങള്‍ ഒന്നും താന്‍ തേടി ചെന്നവയായിരുന്നില്ല തന്നെ തേടിയെത്തിയവയാരയിരുന്നു. സിനിമയില്‍ എത്തിയതും അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ അവസരങ്ങള്‍ കുറഞ്ഞു എന്ന് തോന്നിയിട്ടില്ല. അതിനേക്കുറിച്ച് ചിന്തിച്ചിട്ടുമില്ലെന്നാണ് പ്രേംകുമാറിന്റെ പക്ഷം.സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത് സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിലൂടെയാണ്.

അവസരങ്ങള്‍ക്ക് വേണ്ടി സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ടായിരുന്നില്ല. സൗഹൃദം മനസില്‍ സൂക്ഷിച്ചിരുന്നെങ്കിലും എപ്പോഴും ഫോണില്‍ വിളിച്ച് അത് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നില്ല. അതായിരിക്കാം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ കാരണമെന്ന് പ്രേംകുമാര്‍ പറയുന്നു. ഒരു നടനെന്ന നിലയില്‍ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് ധാരാളം കഥാപാത്രങ്ങളിലൂടെ തെളിയിച്ചിട്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ വേണ്ടവര്‍ക്ക് തന്നെ സമീപിക്കാം. തന്നേക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും പ്രേംകുമാര്‍ പറയുന്നു. താന്‍ ഒരു ഈശ്വര വിശ്വാസിയാണ്. എല്ലാം ദൈവാനുഗ്രഹം എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. തന്നേക്കാള്‍ കഴിവുള്ളവരും പ്രഗത്ഭരുമായ കലാകാരന്മാര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് തനിക്ക് സിനിമയില്‍ അവസരം ലഭിച്ചത്. അത് ദൈവാനുഗ്രഹമാണ്.

താന്‍ സിനിമയിലെത്തിയതും അവസരങ്ങള്‍ ലഭിച്ചതും ഈശ്വര നിശ്ചയമാണ്. അവസരങ്ങള്‍ കുറഞ്ഞതും ഈശ്വര നിശ്ചയം. താന്‍ ഒന്നിന് വേണ്ടിയും ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. നടന്‍ എന്ന ഉത്പന്നം ഇവിടെയുണ്ട്. ആവശ്യമുള്ളവര്‍ക്ക് എടുക്കാം. അതിന്റെ ഗുണകണങ്ങളേക്കുറിച്ച് ഇങ്ങനെ എപ്പോഴും പറഞ്ഞോണ്ടിരിക്കാന്‍ താല്പര്യമില്ലെന്നും പ്രേംകുമാര്‍ വ്യക്തമാക്കുന്നു. താന്‍ ഇവിടെ ഉണ്ടെന്ന് പലര്‍ക്കും അറിയാം ആവശ്യക്കാരുണ്ടെങ്കില്‍ വന്നാല്‍ സന്തോഷമെന്നും അദ്ദേഹം പറയുന്നു.

Vijayasree Vijayasree :