ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ ചോക്ലേറ്റ്‌സ് ആണെങ്കിൽ പോലും രമ ചേച്ചിയ്ക്കുള്ള പങ്കും ജഗദീഷേട്ടൻ എടുത്ത് മാറ്റി വയ്ക്കും’; ജ​ഗദീഷിന്റെ പ്രിയതമ രമയെ കുറിച്ച് മീര അനിൽ പറഞ്ഞ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ!

ഇന്നലെ മലയാളികളെ ഏറെ ദുഃഖത്തിലാഴ്ത്തി സംഭവമായിരുന്നു നടൻ ജഗദീഷിന്റെ ഭാര്യയുടെ മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി കൂടിയായിരുന്ന ഡോ. രമ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്‌ക്കാരം വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

സുപ്രധാനമായ പല കേസുകളിലും നിർണായക കണ്ടെത്തലുകൾ നടത്തിയിരുന്നു രമ. നിരവധി പ്രമുഖർ അന്ത്യാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

ജഗദീഷുമായും രമയുമായും അടുത്ത ബന്ധമുള്ള അവതാരിക മീര അനിലും വികാരഭരിതയായിട്ടാണ് രമയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. ‘കഴിഞ്ഞ പത്ത് വർഷമായി ഞാൻ എന്റെ അച്ഛനെ കാണുന്നതിനെക്കാൾ അധികം കാണുന്നതും ഇടപഴകുന്നതും ജഗദീഷ് ഏട്ടനുമായിട്ടാണ്. മാസത്തിൽ ഇരുപത് ദിവസത്തോളം ഷൂട്ടിങ് ഉണ്ടാവും.

ജഗദീഷേട്ടനുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഭാര്യയായിട്ടും ഉണ്ട്. ബൂസ്റ്റർ എടുത്ത് വിശ്രമിക്കുന്ന സമയത്ത് ഞാനും വിഷ്ണു ഏട്ടനും വന്ന് കണ്ടിരുന്നു. സംസാരിക്കുകയും ചെയ്തു. അപ്പോൾ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇത്രയും തിരക്ക് നിറഞ്ഞ ജീവിതത്തിലും ടിവി ഷോകൾ എല്ലം കൃത്യമായി കാണുന്ന ആളായിരുന്നു രമ ചേച്ചി. വാനമ്പാടി സീരിയൽ എല്ലാം കണ്ട് ഫീഡ്ബാക്ക് ഞങ്ങളോട് പറയാറുണ്ടായിരുന്നു.’

‘ജഗദീഷ് ഏട്ടന്റെയും രമ ചേച്ചിയുടെയും ദാമ്പത്യ ജീവിതം ഇപ്പോഴുള്ളവർ മാതൃകയാക്കണം. അത്രയും സ്‌നേഹത്തിലാണ് ഇരുവരും. ഷൂട്ടിങ് കഴിഞ്ഞ് ഞങ്ങൾ പുറത്ത് പോകാം എന്ന് പറയുമ്പോൾ ജഗദീഷേട്ടൻ പറയും അവിടെ ഭാര്യ രമ എനിക്ക് വേണ്ടി കഞ്ഞി ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാവും എന്ന്. രാത്രി ജഗദീഷേട്ടന് കഞ്ഞിയാണ് ഇഷ്ടം.

ലൊക്കേഷനിൽ വരുമ്പോൾ രമ ചേച്ചി അത് വിളിച്ച് പറയുമായിരുന്നു. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ ചോക്ലേറ്റ്‌സ് ആണെങ്കിൽ പോലും രമ ചേച്ചിയ്ക്കുള്ള പങ്കും ജഗദീഷേട്ടൻ എടുത്ത് മാറ്റി വയ്ക്കും. എത്ര തിരക്ക് ഉണ്ടെങ്കിലും രമ ചേച്ചി ചേട്ടനെ വിളിക്കും. ഭക്ഷണ കാര്യങ്ങളെ കുറിച്ച് എല്ലാം കൃത്യമായി വിളിച്ച് അന്വേഷിക്കും. അത്രയും വലിയ സ്‌നേഹമായിരുന്നു ഇരുവരും തമ്മിൽ’ മീര കൂട്ടിച്ചേർത്തു.

നടൻ മുകേഷും രമയെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നിരുന്നു. ‘ഡോക്ടർ രമ വർഷങ്ങളായി സിനിമയിലുള്ള എല്ലാവർക്കും ചിരപരിചിതയായ പ്രഗത്ഭയായ ഡോക്ടർ ആയിരുന്നു. പല സന്ദർഭങ്ങളിലും നേരിട്ട് കാണാതെ ഫോണിലൂടെ പോലും ഞാനുൾപ്പടെ സിനിമയിലുള്ള ഒരുപാട് പേർക്ക് ചികിത്സയും ഉപദേശങ്ങളും നൽകിയിട്ടുണ്ട്.

രമ രോഗബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. രോഗം ഭേദമാക്കാൻ കഴിയില്ല എന്നൊക്കെ ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ജഗദീഷിന്റെ സുഹൃത്തുക്കൾക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടർ ആയിരുന്നു. വളരെയധികം സങ്കടമുണ്ട്’ മുകേഷ് പറഞ്ഞു.

about jagadeesh

Safana Safu :