സമ്പന്ന കുടുംബത്തിൽ നിന്ന് എന്നോടൊപ്പം വന്നു! ഒന്നിനും പരാതിയില്ല ജഗദീഷിന്റെ നെഞ്ച് പൊട്ടുന്ന വാക്കുകൾ, കണ്ടുനിൽക്കാനാവില്ല

നടന്‍ ജഗദീഷിന്‌റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും കേട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു ഡോക്ടര്‍ രമ. പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്ന ഡോക്ടര്‍ രമ, വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്.

ജഗദീഷിന്റെ നടന്റെ സിനിമ ജീവിതം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും കുടുംബജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറില്ല. ഭാര്യയോ മക്കളോ പൊതുവേദികളിലൊ പുരസ്‌കാരദാന ചടങ്ങുകളിലൊ അധികം എത്താറില്ല. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിച്ചില്ലെന്നാണ് ഒരിക്കൽ ജഗദീഷ് പറഞ്ഞത്.

താൻ ഭാര്യയ്ക്കൊപ്പം പൊതുവേദികളിൽ എന്തുകൊണ്ട് പ്രത്യക്ഷപ്പെടുന്നില്ലെന്നതിന്റെ കാരണം ജഗദീഷും പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഭാര്യ രമ വഹിക്കുന്ന പങ്കിനെ കുറിച്ച് മുമ്പ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. സമ്പന്നമായ കുടുംബത്തിൽ നിന്നും തന്നോടൊപ്പം ജീവിക്കാൻ എത്തിയപ്പോഴും പരാതികൾ പറയാതെ എല്ലാത്തിനോടും പൊരുത്തപ്പെടാനാണ് രമ ശ്രമിച്ചിരുന്നത് എന്നാണ് അന്ന് അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞത്.

ആദ്യമായി സ്വപ്നഭവനം പണിതപ്പോൾ‌ നടന്ന രസകരമായ സംഭവങ്ങളും ഓർമകളും പങ്കുവെച്ചുകൊണ്ടായിരുന്നു അന്ന് ജഗദീഷ് അഭിമുഖം നൽകിയത്.

‘വിവാഹത്തിന് മുമ്പ് തന്നെ കോളജ് അധ്യാപകനായി ജോലി കിട്ടിയിരുന്നു. മൂത്ത ചേട്ടന്മാരെല്ലാം വിവാഹം കഴിക്കുന്നത് അനുസരിച്ച് പുതിയ വീടുകൾ വെച്ച് അവിടേക്ക് താമസം മാറി. രമയെ ഞാൻ വിവാഹം കഴിച്ചുകൊണ്ട് വന്നത് അച്ഛനും ഞാനും ചേർന്ന് പണം മുടക്കി നിർമിച്ച കൊച്ചുവീട്ടിലേക്കാണ്. രമ വളരെപ്പെട്ടന്ന് തന്നെ ആ വീടിനോട് ഇണങ്ങി ചേർന്നു. ഞങ്ങളുടേതിനേക്കാൾ വളരെ അധികം സൗകര്യമുള്ള വീടായിരുന്നു രമയുടേത്. അവിടെ നിന്ന് ഈ കുറവുകളിലേക്ക് വന്നിട്ടും അവൾ പരാതികളൊന്നും പറഞ്ഞിട്ടില്ല. സിനിമയിൽ തിരക്കായി തുടങ്ങിയ ശേഷമാണ് ഞാനും രമയും കൂടി ഞങ്ങൾക്കായി ഒരു വീട് വെക്കാൻ തീരുമാനിച്ചത്. രമയാണ് എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നോക്കിയത്.’

‘ഉള്ള പണം വെച്ച് ഭംഗിയായി അധികം ആഢംബരമില്ലാതെ ഒരു കൊച്ച് വീടുവെക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മിക്ക സിനിമാക്കാരെയും പോലെ വീട്ടിലെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാൻ എനിക്ക് പറ്റിയിട്ടില്ല. പക്ഷെ രമ അക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല. മിക്ക ജോലികളും പുള്ളിക്കാരി തന്നെയാണ് ചെയ്തിരുന്നത്. ഡ്രൈവറിനേയും കുക്കിനേയും തോട്ടക്കാരനേയും പോലും അടുത്ത കാലത്ത് ജോലിക്ക് വെച്ചത്. ഇങ്ങനെ എല്ലാ വീട്ടിലും അച്യുതണ്ടായി പ്രവർത്തിക്കുന്ന സ്ത്രീകളുണ്ട്. പല ഭർത്താക്കന്മാരും ഭാര്യമാരുടെ വില മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവരെ മനസിലാക്കി ഭർത്താക്കന്മാർ പെരുമാറിയാൽ വീട് സ്വർഗമാകും. ഭാര്യ ഡോക്ടർ ആയത് കൊണ്ട് അതെ പ്രഫഷൻ തന്നെ രണ്ട് പെൺ മക്കളും തെരഞ്ഞെടുത്തു. എന്റെ പെൺമക്കൾ രണ്ടുപേരും അവരുടെ അമ്മയുടെ പ്രഫഷൻ തെരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനമേയുള്ളൂ’ ജഗദീഷ് പറഞ്ഞു.

പൊതുവേദികളില്‍ രമ അധികം എത്താറില്ലെങ്കിലും സിനിമ ലോകവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സിനിമ മേഖലയിലെ നിരവധി പേർ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.

ജഗദീഷുമായും രമയുമായും അടുത്ത ബന്ധമുള്ള അവതാരിക മീര അനിലും വികാരഭരിതയായിട്ടാണ് രമയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. ‘കഴിഞ്ഞ പത്ത് വർഷമായി ഞാൻ എന്റെ അച്ഛനെ കാണുന്നതിനെക്കാൾ അധികം കാണുന്നതും ഇടപഴകുന്നതും ജഗദീഷ് ഏട്ടനുമായിട്ടാണ്. മാസത്തിൽ ഇരുപത് ദിവസത്തോളം ഷൂട്ടിങ് ഉണ്ടാവും. ജഗദീഷേട്ടനുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഭാര്യയായിട്ടും ഉണ്ട്. ബൂസ്റ്റർ എടുത്ത് വിശ്രമിക്കുന്ന സമയത്ത് ഞാനും വിഷ്ണു ഏട്ടനും വന്ന് കണ്ടിരുന്നു. സംസാരിക്കുകയും ചെയ്തു. അപ്പോൾ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇത്രയും തിരക്ക് നിറഞ്ഞ ജീവിതത്തിലും ടിവി ഷോകൾ എല്ലം കൃത്യമായി കാണുന്ന ആളായിരുന്നു രമ ചേച്ചി. വാനമ്പാടി സീരിയൽ എല്ലാം കണ്ട് ഫീഡ്ബാക്ക് ഞങ്ങളോട് പറയാറുണ്ടായിരുന്നു.’

ജഗദീഷ് ഏട്ടന്റെയും രമ ചേച്ചിയുടെയും ദാമ്പത്യ ജീവിതം ഇപ്പോഴുള്ളവർ മാതൃകയാക്കണം. അത്രയും സ്‌നേഹത്തിലാണ് ഇരുവരും. ഷൂട്ടിങ് കഴിഞ്ഞ് ഞങ്ങൾ പുറത്ത് പോകാം എന്ന് പറയുമ്പോൾ ജഗദീഷേട്ടൻ പറയും അവിടെ ഭാര്യ രമ എനിക്ക് വേണ്ടി കഞ്ഞി ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാവും എന്ന്. രാത്രി ജഗദീഷേട്ടന് കഞ്ഞിയാണ് ഇഷ്ടം. ലൊക്കേഷനിൽ വരുമ്പോൾ രമ ചേച്ചി അത് വിളിച്ച് പറയുമായിരുന്നു. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ ചോക്ലേറ്റ്‌സ് ആണെങ്കിൽ പോലും രമ ചേച്ചിയ്ക്കുള്ള പങ്കും ജഗദീഷേട്ടൻ എടുത്ത് മാറ്റി വയ്ക്കും. എത്ര തിരക്ക് ഉണ്ടെങ്കിലും രമ ചേച്ചി ചേട്ടനെ വിളിക്കും. ഭക്ഷണ കാര്യങ്ങളെ കുറിച്ച് എല്ലാം കൃത്യമായി വിളിച്ച് അന്വേഷിക്കും. അത്രയും വലിയ സ്‌നേഹമായിരുന്നു ഇരുവരും തമ്മിൽ’ മീര പറഞ്ഞു

നടൻ മുകേഷും രമയെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നിരുന്നു. ‘ഡോക്ടർ രമ വർഷങ്ങളായി സിനിമയിലുള്ള എല്ലാവർക്കും ചിരപരിചിതയായ പ്രഗത്ഭയായ ഡോക്ടർ ആയിരുന്നു. പല സന്ദർഭങ്ങളിലും നേരിട്ട് കാണാതെ ഫോണിലൂടെ പോലും ഞാനുൾപ്പടെ സിനിമയിലുള്ള ഒരുപാട് പേർക്ക് ചികിത്സയും ഉപദേശങ്ങളും നൽകിയിട്ടുണ്ട്. രമരോഗബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. രോഗം ഭേദമാക്കാൻ കഴിയില്ല എന്നൊക്കെ ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ജഗദീഷിന്റെ സുഹൃത്തുക്കൾക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടർ ആയിരുന്നു. വളരെയധികം സങ്കടമുണ്ട്’ മുകേഷ് പറഞ്ഞു.

Noora T Noora T :