ഫിലോമിനയുടെ കൊച്ചുമകളാണ്, പക്ഷെ ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താൽപര്യമില്ല; ബി​ഗ് ബോസ് താരം ഡെയ്സി ഡേവിഡ്!

മലയാള സിനിമയിൽ മാസ് കാണിച്ച് കൈയ്യടി വാങ്ങിയ നടിമാരിൽ മുൻപന്തിയിലാണ് ഫിലോമിന ആനപ്പാറേൽ അച്ഛമ്മ എന്ന കഥാപാത്രം മാത്രം മതി ഫിലോമിനയുടെ അഭിനയ മികവ് എടുത്തുകാട്ടാൻ. എൻ.എൻ പിള്ളയെയും തിലകനെയും വരെ വിറപ്പിച്ച അച്ചാമ്മ. മൂക്കില്ല രാജ്യത്തിലെ ഭ്രാന്തിയായും കുന്നംകുളത്തിൻറെ മാപ്പ് ഇല്ലെന്ന് പറഞ്ഞ് ലോക ഭൂപടം കീറിയ മനോരോഗിയായും സ്നേഹനിധിയായ അമ്മയായും തകർത്താടിയ അഭിനേത്രിയായിരുന്നു ഫിലോമിന. മലയാള സിനിമയിൽ അമ്മ മുതൽ അമ്മായിയമ്മ വരെയുള്ള വൈവിധ്യമാർന്ന സ്ത്രീ കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ആദ്യ പട്ടികയിൽ ഫിലോമിനയുണ്ടാകും.

ആ പട്ടികയിൽ ഫിലോമിനയെ വേറിട്ട്‌ നിർത്തുന്ന ഘടകം എന്താണെന്നതിനുള്ള ഉത്തരം ചില സത്യൻ അന്തിക്കാട്‌ സിനിമകളിലുണ്ട്. ചെറിയ സീനുകളിലാണെങ്കിൽ പോലും മറ്റ് താരങ്ങളുടെ അഭിനയത്തെ മറികടക്കാനുള്ള പ്രകടനം സ്വതസിദ്ധമായി ഫിലോമിനയിൽ നിന്ന് പുറത്തേക്ക് വരുന്നൂ എന്നതാണ്. വിയറ്റനാം കോളനിയിലെ മൂസ സേട്ടിന്റെ ഉമ്മയെയും തലയണ മന്ത്രത്തിലെ പരദൂഷണക്കാരി അമ്മായിയേയും മലയാളിക്ക് അത്രവേഗം മറക്കാൻ സാധിക്കില്ലല്ലോ. ഫിലോമിനയുടെ ഓർമകൾക്ക് പതിനഞ്ച് വയസ് പൂർത്തിയായി.

മൺമറഞ്ഞിട്ട് വർഷങ്ങളേറെയായെങ്കിലും മീമുകളിലൂടെയും ട്രോളുകളിലൂടെയും മലയാളിയുടെ നിത്യ ജീവിതത്തിൻറെ ഭാഗമായി ഫിലോമിന ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. ഇപ്പോൾ ഫി‌ലോമിനയുടെ കൊച്ചുമകൾ ഡെയ്സി ഡേവിഡും മലയാളികൾക്ക് സുപരിചിതയാവുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ. അമ്മമ്മ ഫിലോമിന അഭിനയത്തിലാണ് പ്രതിഭ തെളിയിച്ചതെങ്കിൽ ഡെയ്സിക്ക് താൽപര്യം ഫോട്ടോ​ഗ്രഫിയോടാണ്.

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ എപ്പോഴും തൻറേതായ പരീക്ഷണങ്ങൾ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയിൽ വനിതാ ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി തനിക്കൊപ്പം വളർത്തുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ സജീവമായ ഡെയ്‍സിക്ക് ഇൻസ്റ്റയിൽ അമ്പതിനായരത്തിന് മുകളിൽ ഫോളോവേഴ്സുണ്ട്. ഇൻവൈറ്റ്സ് ബൈ നാരീസ് എന്ന പേരിൽ ഗിഫ്റ്റ് കാർഡുകളും ഗിഫ്റ്റ് ബോക്സുകളുമൊക്കെ പുറത്തിറക്കുന്ന ഒരു പ്രോഡക്റ്റ് സർവ്വീസും ഡെയ്‍സി നടത്തുന്നുണ്ട്. അമ്മമ്മ ഫിലോമിനയുെട പേര് എവിടേയും പറയാൻ താൽപര്യപ്പെടാത്ത വ്യക്തി കൂടിയാണ് ഡെയ്സി ഡേവിഡ്.

അതിനുള്ള കാരണമായി ഡെയ്സി പറഞ്ഞതിങ്ങനെ ‘നടി ഫിലോമിന അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താൽപര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളർത്തിയെടുത്ത് ആളുകളാൽ തിരിച്ചറിയപ്പെടാനാണ് താൽപര്യം. ചെറുപ്പം മുതൽ ഫോട്ടോ​ഗ്രഫിയോട് താൽപര്യമുള്ള എനിക്ക് ആ ആ​ഗ്രഹം സാധിച്ചെടുക്കാൻ ആരും കൂടെയുണ്ടായിരുന്നില്ല.’

ഫോട്ടോ​ഗ്രഫി പഠിക്കണം എന്ന് പറഞ്ഞപ്പോൾ വിവാഹം കഴിച്ചോളൂവെന്നാണ് വീട്ടുകാർ പറഞ്ഞത്. അതോടെ വീട് വിട്ടിറങ്ങി. പിന്നീട് യുട്യൂബ് നോക്കി ഫോട്ടോ​ഗ്രഫി പഠിക്കുകയായിരുന്നു’ ഡെയ്സി ഡേവിഡ് പറയുന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്. മുമ്പ് നടന്ന സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ബി​ഗ് ബോസ് ഏറെ പ്രത്യേകതകളോടെയാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പതിനേഴ് മത്സരാർഥികളാണ് മാറ്റുരക്കുന്നത്.

about bigboss

AJILI ANNAJOHN :