‘അതിനെപ്പറ്റി പറയുന്നതില്‍ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താല്‍പര്യമില്ലാത്തതിനാലാണ്’; ബിന്ദുപണിക്കരെ കുറിച്ച് സായി കുമാര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഹാസ്യകഥാപാത്രമായും, സഹനടനായും, നടനായും, വില്ലനായും അങ്ങനെ എന്ത് തരം വേഷവും അസാധ്യമായി അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടു തന്നെ താരം ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാള സിനിമകളില്‍ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കി.

തന്റെ വിവാഹ ജീവിതത്തെ കുറിച്ച് അദ്ദേഹം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നടി ബിന്ദു പണിക്കരുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളാണ് പുറത്ത് വരുന്നത്. ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ലെന്നാണ് അദ്ദേഹം അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞത്. ‘അതിനെപ്പറ്റി പറയുന്നതില്‍ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താല്‍പര്യമില്ലാത്തതിനാലാണ്.

പറയുമ്പോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി. അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം. ‘വെട്ടിത്തുറന്ന് പറയുകയാണെങ്കില്‍ അങ്ങ് എല്ലാം പറയാം. ആ സമയത്തായിരുന്നുവെങ്കില്‍ അതൊക്കെ പറയാം. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി.

കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതി. നമ്മള്‍ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും. വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്നമാണ്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ലെന്നും സായികുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം പറഞ്ഞ വാക്കുകളും വൈറലായിരുന്നു. എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രം റാംജി റാവു സ്പീക്കിംഗിലൂടെയാണ് സായ്കുമാര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും റാംജി റാവു എന്ന സിനിമയ്ക്ക് ശേഷം തന്നെ ആളുകള്‍ തിരിച്ചറിഞ്ഞതിനെ കുറിച്ചും സായ്കുമാര്‍ പറയുന്നുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭമുഖത്തിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

നാടകം ഉപേക്ഷിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നെങ്കിലും അവസാനം ഒഴിവാക്കിയതിനാല്‍ റാംജി റാവു സ്പീക്കിംഗില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് സായ്കുമാര്‍ പറയുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കത്തി നില്‍ക്കുമ്പോള്‍ ഫാസില്‍ അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ നായകനാക്കുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വെറുതെ കളിയാക്കാതെ പോകാനാണ് താന്‍ പറഞ്ഞത്. പിന്നെ കൂട്ടുകാരൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ നാടകത്തില്‍ നിന്നും പിന്മാറി താന്‍ റാംജി റാവു ചെയ്യാന്‍ പോയി.

അന്ന് ആ പടത്തില്‍ മുകേഷ് മാത്രമാണ് കുറച്ചെങ്കിലും അറിയപ്പെടുന്ന ഒരാള്‍. റാംജി റാവു വലിയൊരു തുടക്കം നല്‍കി. ആദ്യ ദിവസം തിയേറ്ററുകളില്‍ റാംജി റാവു കാണാന്‍ പതിനഞ്ചില്‍ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളൂ. പടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ വിളിച്ചപ്പോഴെല്ലാം സിനിമ ഫ്ളോപ്പ് എന്നാണ് പറഞ്ഞത്. പിന്നെ ചെറിയ രീതിയില്‍ ആളുകള്‍ കയറി തുടങ്ങിയപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തിയേറ്ററുകള്‍ ഒരാഴ്ച കൂടി റാംജി റാവു കളിച്ചു.

പടം പൊട്ടിയെന്ന് താന്‍ ഉറപ്പിച്ചു. അങ്ങനെ നാട്ടിലെ പെട്രോള്‍ പമ്പില്‍ ബൈക്കും കൊണ്ട് നില്‍ക്കുകയാണ്. അവിടെ അടുത്തുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ വലിയ ക്യൂ കാണാം. വേറെ ഏതോ സിനിമയാണെന്ന് കരുതി. അങ്ങനെ നില്‍ക്കുമ്പോള്‍ പെട്ടന്ന് ആരോ ബാലകൃഷ്ണ എന്ന് വിളിച്ചു. താന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരുപാടാളുകള്‍ തന്റെ അടുത്തേക്ക് ഓടി വന്ന് പൊതിഞ്ഞു. അന്നാണ് പടം വിജയിച്ചുവെന്ന് താന്‍ മനസിലാക്കിയത്. ആളുകള്‍ കൂടി തിക്കും തിരക്കുമായപ്പോള്‍ പൊലീസ് ഇടപെട്ടാണ് തന്നെ വീട്ടില്‍ എത്തിച്ചതെന്നും താരം പറഞ്ഞു.

Vijayasree Vijayasree :