ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ കഴിയില്ല, ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്നു; ദി കശ്മീര്‍ ഫയല്‍സ് ചിത്രത്തിനെതിരെ സിപിഎം

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ദി കശ്മീര്‍ ഫയല്‍സ് ചിത്രത്തിനെതിരെ സിപിഎം. ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് ചിത്രമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. സിനിമയെ അപലപിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.

സിനിമ ഉപയോഗിച്ച് വര്‍ഗീയവല്‍ക്കരണമാണ് നടത്തുന്നതെന്നും സിപിഎം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പ്രമേയമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ദി കശ്മീര്‍ ഫയല്‍സ്.

നിരവധി പ്രതിബന്ധങ്ങളെ മറികടന്നാണ് ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് വേളയില്‍ രാജ്യത്തെ ഏതാനും തിയേറ്ററുകളില്‍ മാത്രമുണ്ടായിരുന്ന ചിത്രത്തിന് കാണികള്‍ ഏറിയതോടെ നിരവധി സ്‌ക്രീനുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

ഒടുവില്‍ ചിത്രം റിലീസ് ചെയ്ത് 16 ദിവസം പിന്നിട്ടതോടെ 250 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ ചിത്രം കളക്ഷന്‍ നേടിയത്. ആഗോളത്തലത്തിലെ കണക്കാണിത്.

Vijayasree Vijayasree :