ജീവിതത്തിൽ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരം മുറുകെ പിടിക്കുക; നിക്കിയും ആദിയും വിവാഹിതരാകുന്നു

ഏറെ നാളത്തെ പ്രണയത്തിനു ശേഷം നടി നിക്കി ഗൽറാണിയും നടൻ ആദിയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. നിക്കി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കാര്യം അറിയിച്ചത്. 24ന് ആയിരുന്നു നിശ്ചയമെന്നും എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടാകണമെന്നും നിക്കി അറിയിച്ചു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്.

ജീവിതത്തിൽ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരം മുറുകെ പിടിക്കുക എന്നതാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാണ് ?,” ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“24.3.2022, ഈ ദിവസം ഞങ്ങൾക്ക് ശരിക്കും സവിശേഷമായിരുന്നു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു ♥️,” കുറിപ്പിൽ പറയുന്നു.

2014ൽ പുറത്തിറങ്ങിയ 1983 ആണ് നിക്കിയുടെ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്കി ചിത്രങ്ങളിലും അഭിനയിച്ചു. 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെകൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പരിചിതയായ താരമാണ് നിക്കി ഗൽറാണി.

2006ൽ പുറത്തിറങ്ങിയ ഒക വി ചിത്രം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദി ആദ്യമായി അഭിനയിച്ചത്. 2009ൽ ഇറങ്ങിയ ഈറം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദി നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അഭിനയിച്ചു.

Noora T Noora T :