സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് സിനിമാ സംഘടനകള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വിളിച്ചുചേര്‍ത്ത പ്രത്യേക സിറ്റിങ്ങിലാണ് സംഘടനാ പ്രതിനിധികളുടെ ഉറപ്പ്. മേല്‍നോട്ടത്തിന് സംസ്ഥാനതലത്തില്‍ സമിതി രൂപീകരിക്കും.
എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള അഞ്ചംഗ സമിതികളുണ്ടാകും. ഈ സമിതിയാകും പരാതികള്‍ സ്വീകരിക്കുക.
പിന്നീടിത് ചര്‍ച്ച ചെയ്ത് സംസ്ഥാനതല മേല്‍നോട്ട സമിതിക്ക് കൈമാറും. അവിടെ നിന്നാണ് ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്കായി പൊലീസിന് കൈമാറുക.
നിലവില്‍ രജിസ്റ്റര്‍ ചെയ്തു ഷൂട്ടിങ് തുടങ്ങുന്ന സിനിമകള്‍ക്ക് പുറമെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് നടക്കുന്ന ചിത്രീകരണം ഉള്ളവയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. അമ്മ, ഫെഫ്ക, മാക്ട, പ്രൊഡ്യൂസേഴ്‌സ്, എന്നി സംഘടനകള്‍ക്കൊപ്പം ഡബ്ല്യുസിസി കൂടി ഇരുന്നാണ് തീരുമാനം എടുത്തത്.