ദിലീപിൻറെ ആ ഡിമാൻഡ് സഹിക്കാൻ കഴിഞ്ഞില്ല; സൂപ്പർ താരങ്ങൾ പോലും ശത്രുതയിലായി! അന്ന് സംഭവിച്ചത്

നിരവധി ഹിറ്റ് ചിത്രങ്ങളും പരീക്ഷണ സിനിമകളും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. സംവിധായകനെന്ന നിലയിൽ തന്റെ അഭിപ്രായങ്ങൾ തുറന്നടിച്ച് വിനയൻ പറയാറുണ്ട്. അക്കാരണത്താൽ തന്നെ സിനിമാ സംഘടനകള്‍ വിനയന് ഏറെക്കാലം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനൊടുവിലാണ് വിനയന് വിലക്ക് ഏര്‍പ്പെടുത്തിയത്.

സിനിമയില്‍ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് വിനയൻ . പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ ഒരുങ്ങവെ നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും വിനയന്‍ പ്രതികരിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിൽ ദിലീപിനെയായിരുന്നു നായകനാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകള്‍ ദിലീപ് മുന്നോട്ട് വച്ചു. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണ് എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിയ്ക്കില്ല. ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച്‌ ജയസൂര്യയെ നായകനാക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു.

തന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ വെയ്ക്കുവാൻ തുടങ്ങി. അയാളുടെ വഴിയ്ക്ക് പോകുവാൻ തനിയ്ക്കു താത്പര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാർഡുകൾ വാങ്ങാനും, ലോബിയുടെ ഭാഗമാകാനുമൊന്നും തനിയ്ക്കു താത്പര്യമില്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ ദിലീപിന് അനുകൂലമായ നിലപാടെടുത്തു എന്ന വാര്‍ത്തകളേയും വിനയന്‍ നിഷേധിച്ചു.

”അത് തെറ്റായ വാർത്തയാണ്. ഞാനൊരിയ്ക്കിലും ഈ വിഷയത്തിൽ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. സൂപ്പർ താരങ്ങൾക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരൻ ദിലീപാണ്. എങ്കിലും അയാൾ വീണ് കിടക്കുമ്പോൾ ചവിട്ടാൻ ഞാൻ തയ്യാറല്ല. നടിയെ ആക്രമിക്കപ്പെട്ട വിഷയം വന്നപ്പോൾ എന്നെ ഒരുപാട് പേർ ചർച്ചയ്ക്കു വിളിച്ചിരുന്നു. എന്നാൽ ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിയിരുന്നു” വിനയന്‍ പറയുന്നു.

Noora T Noora T :