നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും രഹസ്യമായി എടുക്കാന്‍ ദിലീപ് നല്‍കിയത് 50 ലക്ഷം രൂപയോ…!?; ചില റിപ്പോര്‍ട്ടുകള്‍ പറയുന്നതിങ്ങനെ!

നടി ആക്രമിക്കപ്പെട്ട കേസില്‍, വീണ്ടും ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷയിലാണ് എല്ലാവരും. നടിയുടെ ദൃശ്യങ്ങളും കോടതി രേഖകളും ദിലീപ് ചോര്‍ത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കോടതിയിലെ ഒരുപ്രമുഖ ഉദ്യോഗസ്ഥനെ കൊണ്ടാണ് ദിലീപ് ഇത് ചോര്‍ത്തിയതെന്നും ഇതിനായി 50 ലക്ഷം രൂപയാണ് ദിലീപ് പ്രതിഫലമായി നല്‍കിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് എന്നതിനാല്‍ തന്നെ, തിങ്കളാഴ്ച ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ചെല്ലാം തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിയും.

ഐടി വിദഗ്ദനായ സായി ശങ്കറെ ചോദ്യം ചെയ്തതില്‍ നിന്നും, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി. കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

വാട്സ്സാപ്പ് വഴിയാണ് രേഖകള്‍ ദിലീപിന്റെ ഫോണില്‍ എത്തിയത്. ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിട്ടില്ല. ജഡ്‌ജോ കോടതി സ്റ്റാഫോ ആയിരിക്കുമല്ലോ കോടതി രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന്, സ്വാഭാവികം എന്നായിരുന്നു സായ് ശങ്കറിന്റെ മറുപടി. സായ് ശങ്കറിന്റെ ഈ കുറ്റസമ്മതത്തിന് പിന്നാലെ ഈ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് സായിയുടെ ലാപ്പ് ടോപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

അതേസമയം, ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും മാറ്റിയ ഉദ്യോഗസ്ഥന്റെ പേര് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഉടന്‍ തന്നെ അത് ആരാണെന്ന് ഉടന്‍ തന്നെ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഇത്തവണത്തെ ചോദ്യം ചെയ്യലെന്നാണ് ലഭ്യമായ വിവരം. പോലീസ് കണ്ടെത്തിയിരിക്കുന്ന തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാകും ദിലീപിനെ ഇനി ചോദ്യം ചെയ്യുക. എസ്.പി സോജന്റെയും ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള സംഘമാകും ദിലീപിനെ ചോദ്യം ചെയ്യുക. രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ നടക്കാനിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ തുടങ്ങിയ അന്വേഷണം ഇപ്പോള്‍ കേസിന്റെ അറിയാക്കഥകളിലേയ്ക്കാണ് വഴിതിരിച്ചിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കും.

കൂടാതെ ഐടി വിദഗ്ദനായ സായ് ശങ്കറെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നുള്ള നിര്‍ണ്ണായക രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഈ നീക്കം. ഇയാള്‍ക്കെതിരായി ഉയര്‍ന്ന് വരുന്ന മറ്റ് പരാതികളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം.പൗലോസിനെ സായ്ശങ്കര്‍ 2 തവണ തോക്കുമായി പിന്തുടര്‍ന്നുവെന്ന സൂചനയും പുറത്ത് വരുന്നത്.

ഇത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോഴും മറ്റൊരിക്കല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴുമായിരുന്നു ബൈജു പൌലോസിനെ സായ് ശങ്കര്‍ പിന്തുടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ ദിവസം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ സായ് ശങ്കറെ ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Vijayasree Vijayasree :