ഓരോ മണിക്കൂറിലും വിവരങ്ങൾ തിരക്കും, മകൻ വീട്ടിലെത്തി എന്ന് അറിയിച്ചപ്പോൾ അദ്ദേഹം ഓടി പാഞ്ഞ് വീട്ടിലേക്ക് വന്നു ‘, ഇമ്രാൻ ഹാഷ്മി പറയുന്നു

ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയെ കുറിച്ച് പറയാൻ അധികം വിശേഷണങ്ങളുടെ ആവശ്യമില്ല. 2002ലെ റാസ് എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയകറക്ടായിട്ടാണ് ഇമ്രാൻ ഹാഷ്മി ബോളിവുഡിലെത്തുന്നത്. 2003ൽ ഫൂട്ട് പാത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ഇമ്രാന് ആദ്യ ചിത്രം നിരാശയായിരുന്നു സമ്മാനിച്ചത്. പക്ഷെ 2004ലെ മർഡർ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നെ തുടരെ വിജയ ചിത്രങ്ങളുടെ ഭാഗമായി. സെഹർ, ആഷിക് ബനായ അപ്‌നേ, കലിയുഗ്, അക്‌സർ, ഗ്യാങ്‌സറ്റർ തുടങ്ങിയ ചിത്രങ്ങൾ താരത്തിന് ബോളിവുഡിൽ ഒരു സ്ഥിരം ഇടം നേടികൊടുത്തു.

ഇമ്രാൻ ഹാഷ്മി എന്ന് പറയുമ്പോൾ‌ തന്നെ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ ലിപ് ലോക്ക് രം​ഗങ്ങളാണ്. വർഷങ്ങളോളം സീരിയൽ കിസ്സർ, ചുംബന വീരൻ എന്നോക്കെയായിരുന്നു അദ്ദേഹത്തെ ആളുകൾ വിശേഷിപ്പിച്ചിരുന്നത്. ശേഷം വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയപ്പോൾ ഒരു പരിധിവരെ ഇമ്രാന് തന്റെ മുൻ പ്രതിച്ഛായ ഇല്ലാതാക്കാൻ കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം എല്ലാത്തരം കഥാപാത്രങ്ങളും കൈകാര്യം ചെയ്യുന്ന നടനായി മാറി കഴിഞ്ഞു. സീരിയൽ കിസ്സർ, ചുംബന വീരൻ വിശേഷണം തന്നെ വളരെയധികം ബാധിച്ചതായി ഇമ്രാൻ ​ഹാഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.കുടുംബത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന ഇമ്രാൻ മകനുമായി നല്ലൊരു ചങ്ങാത്തം സൂക്ഷിക്കുന്ന അച്ഛനാണ്. കാൻസർ ബാധിതനായിരുന്ന താരത്തിന്റെ മകൻ അയാൻ അഞ്ച് വർഷം നീണ്ട കാൻസർ പോരാട്ടത്തിനൊടുവിലാണ് രോ​ഗവിമുക്തനായത്.

ഇമ്രാന്റെയും പർവീൺ ഷഹാനിയുടെയും മകൻ അയാൻ ഹാഷ്മിക്ക് മൂന്നാമത്തെ വയസിലാണ് കാൻസർ സ്ഥിരീകരിക്കപ്പെടുന്നത്. അപൂർവ്വതരം കിഡ്നി കാൻസറായിരുന്നു അയാനെ ബാധിച്ചത്. കുട്ടികളിൽ അപൂർവമായി കണ്ടുവരുന്ന വിംസ് ട്യൂമറിന്റെ രണ്ടാംഘട്ടം. 2014 ആയിരുന്നു രോഗം സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ഇന്ത്യയിലും കാനഡയിലുമായി ചികിത്സകൾ നടത്തി. അഞ്ചുവർഷം നീണ്ട ആ ചികിത്സകൾക്കും പോരാട്ടങ്ങൾക്കും ശേഷം മകൻ പൂർണമായും കാൻസർ വിമുക്തനായ കാര്യം തന്റെ ട്വിറ്ററിലൂടെ ഇമ്രാൻ ഹാഷ്മി ആരാധകരെ അറിയിച്ചിരുന്നു.

മകന്റെ കാൻസർ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ദി കിസ് ഓഫ് ലവ്: ഹൗ എ സൂപ്പർ ഹീറോ ആൻഡ് മൈ സൺ ഡിഫീറ്റഡ് കാൻസർ എന്നൊരു പുസ്തകവും ഇമ്രാൻ ഹാഷ്മി പുറത്തിറക്കിയിരുന്നു. എഴുത്തുകാരൻ ബിലാൽ സിദ്ധിഖിയ്ക്കൊപ്പം ചേർന്നെഴുതിയ പുസ്തകം ബോളിവുഡിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയാന്റെ കാൻസർ ദിവസങ്ങളെ പ്രതിപാദിപ്പിക്കുന്ന പുസ്തകം മകന് തന്നെയായിരുന്നു ഇമ്രാൻ സമർപ്പിച്ചത്.

മകന്റെ കാൻസർ പോരാട്ട സമയങ്ങളിൽ ആശ്വാസ വാക്കുകളുമായി തന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന ബോളിവുഡ് നടനെ കുറിച്ച് ഇമ്രാൻ ഹാഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മകന്റെ കാര്യങ്ങൾ ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കുകയും അവൻ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയെന്ന് അറിഞ്ഞപ്പോൾ ആദ്യം കാണാൻ ഓടി വന്നതും അക്ഷയ് കുമാർ ആയിരുന്നുവെന്നുമാണ് ഇമ്രാൻ ഹാഷ്മി പറയുന്നത്.

‘ആദ്യം വാർത്തയറിഞ്ഞ് അദ്ദേഹം മെസേജ് അയച്ചു…. സമയം കിട്ടുമ്പോൾ ഒന്ന് വിളിക്കുമോയെന്ന് പറഞ്ഞുകൊണ്ടു. മെസേജ് വന്നതും ഞാൻ അദ്ദേഹത്തെ വിളിച്ചു. ഫോൺ എടുത്തതും അദ്ദേഹം മകന്റെ കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങി. ആദ്യം അദ്ദേഹത്തിന് വിശ്വസിക്കാനായിരുന്നില്ല. അപ്പോൾ ഞാൻ അദ്ദേഹത്തോട് രോ​ഗ വിവരം പറയുകയും കിഡ്നി നീക്കം ചെയ്തതായി അറിയിക്കുകയും ചെയ്തു. വിവരങ്ങൾ അറിഞ്ഞശേഷം അദ്ദേഹം എന്നോട് ഞാൻ കൂടി അവിടേക്ക് വരട്ടെയെന്ന് ചോദിച്ചു….

ഞാൻ‌ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വരേണ്ട എന്ന് അറിയിച്ചു. ഫോൺ കോൾ അവസാനിപ്പിക്കും മുമ്പ് അക്ഷയ് പറഞ്ഞത് എന്ത് ആവശ്യം വന്നാലും വിളിക്കണം… ഒരു ഫോൺ കോളിന് അപ്പുറം ഞാൻ ഉണ്ട് എന്നാണ്. എനിക്ക് നല്ല ഡോക്ടർമാരെ അറിയാമെന്നും അവിടേക്ക് മാറ്റമണമെങ്കിൽ മകനെ മാറ്റാമെന്നും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. ശേഷം ഇടയ്ക്കിടെ വിളിച്ച് പുതിയ വിവരങ്ങൾ അന്വേഷിക്കും.’

മകൻ വീട്ടിലെത്തി എന്ന് അറിയിച്ചപ്പോൾ അദ്ദേഹം ഓടി പാഞ്ഞ് വീട്ടിലേക്ക് വന്ന് മകനെ കണ്ടു. അദ്ദേഹം വന്നപ്പോൾ മകൻ ഉറങ്ങുകയായിരുന്നു. മകനെ തലോടികൊണ്ട് ഏറെനേരം അക്ഷയ് അയാനൊപ്പം ഇരുന്നു.

ബാറ്റ്-സ്യൂട്ട് ധരിച്ച് നിൽക്കുന്ന അയാന്റെ പഴയ പോസ്റ്ററുകൾ കണ്ട് കണ്ണീരടക്കാനാവാത്ത അക്ഷയ് കുമാറിനേയും ഞാൻ അന്ന് കണ്ടു. അക്ഷയ്കുമാറിന് അദ്ദേഹത്തിന്റെ അച്ഛനെ നഷ്ടമായതും കാൻസർ ​രോദ​ഗം മൂലമായിരുന്നു. അതായിരിക്കാം എന്റെ മകന്റെ അവസ്ഥ അത്രത്തോളം അദ്ദേഹത്തിന്റെ ബാധിക്കാൻ കാരണമായത്. മകനെ ചികിത്സയ്ക്കായി കാനഡയിലേക്ക് കൊണ്ടുപോകണമെന്നും അവിടെ എല്ലാ സൗകര്യങ്ങളും എളുപ്പത്തിൽ ക്രമീകരിക്കാമെന്നും അക്ഷയ് വാ​ഗ്ദാനം ചെയ്തിരുന്നു’ ഇമ്രാൻ ഹാഷ്മി പറയുന്നു. ഇമ്രാൻ ഹാഷ്മിയുടെ പുസ്തകത്തിൽ അക്ഷയ് കുമാറും അയാന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ തനിക്കുണ്ടായ തോന്നലുകളെ കുറിച്ച് വിവരിച്ചിട്ടുണ്ട്.

about emraan hashmi

AJILI ANNAJOHN :