സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മനസിനെ വേദനിപ്പിക്കുന്ന മോശം അനുഭവങ്ങൾ ഉണ്ടായി…’ഒരുപാട് തവണ ചാരിറ്റി നിര്‍ത്താമെന്ന് തോന്നിയിട്ടുണ്ട്’ വെളിപ്പെടുത്തലുമായി സീമ ജി നായർ

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സീമ ജി നായര്‍. നടിയെ മലയാളികൾക്ക് ഒരു പരിചയപ്പെടുത്തി നൽകേണ്ട ആവിശ്യമില്ല. അഭിനയത്തോടൊപ്പം തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സീമ സജീവമാണ്. ശരണ്യയുടെ ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി പ്രയത്നിച്ചതോടെയാണ് നടി സീമ ജി നായരെ പ്രശസ്തയാക്കിയത്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനയില്‍ പ്രഥമ മദര്‍തേരേസ പുരസ്‌കാരം സീമ ജി നായരെ തേടിയെത്തിയിരുന്നു. എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരുപാട് വിമര്‍ശനങ്ങള്‍ നടിയ്ക്ക് കേൾക്കേണ്ടതായി വന്നിട്ടുണ്ട്.

ചാരിറ്റിയുടെ പേരില്‍ കേള്‍ക്കേണ്ടി വന്നത് കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളുമായിരുന്നു. പലപ്പോഴും ചാരിറ്റി നിര്‍ത്തണമെന്ന് തോന്നിയിട്ടും അതിന് സാധിക്കാതെ പോവുകയാണെന്ന് ഒരു മാഗസിൻ നല്കിയയ അഭിമുഖത്തിൽ നടി പറയുകയാണ്.

‘എന്റെ ജീവിതം എന്റെ മാത്രം ജീവിതമായി കാണുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ ജീവിതം എന്റെയും കൂടെ ജീവിതമായിട്ടാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് എനിക്ക് ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്നത്. അത് ഞാന്‍ കണ്ട് പഠിച്ചത് എന്റെ അമ്മയില്‍ നിന്നാണ്. രാവിലെ ജോലിയ്ക്ക് പോയി വൈകുന്നേരം പലരുടെയും കൈയ്യില്‍ നിന്നും കടം വാങ്ങി മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവമാണ് അമ്മയുടേത്. പെണ്‍കുട്ടികളുടെ കല്യാണങ്ങള്‍ക്കും മറ്റുമൊക്കെ അമ്മ സഹായിച്ചിരുന്നു. അങ്ങനെ അമ്മയില്‍ നിന്നും എല്ലാ സ്വഭാവവും കിട്ടിയിരിക്കുന്നത് എനിക്കാണ്’.

ചാരിറ്റി പ്രശസ്തിയ്ക്ക് വേണ്ടി ചെയ്ത് തുടങ്ങിയതൊന്നുമല്ല, ലക്ഷ്യത്തെ കുറിച്ച് സീമ പറയുന്നതിങ്ങനെ

‘ചെറുപ്പും മുതലേ താന്‍ ഇങ്ങനെയാണ്. അതുകൊണ്ട് കൂട്ടുകാര്‍ക്കൊന്നും കൗതുകം തോന്നാറില്ല. അച്ഛന്റെ കടയില്‍ പോയിരുന്നാല്‍ പണപ്പെട്ടിയില്‍ നിന്ന് പണം എടുത്ത് മറ്റുള്ളവര്‍ക്ക് കൊടുക്കുമായിരുന്നു. വൈകുന്നേരം അച്ഛന്‍ വരുമ്പോള്‍ ഒരു സാധനവും വിറ്റില്ലെന്ന് പറയുമായിരുന്നു. ഈ ഭൂമിയില്‍ നിന്ന് പോവുന്നതിന് മുന്‍പ് നന്മകള്‍ ചെയ്യണമെന്നാണ് തന്റെ കാഴ്ചപാട്. അതുകൊണ്ടാണ് ജീവിതവും തൊഴിലും മറ്റുള്ളവരുടെ ജീവിതവും വേദനയും അറിഞ്ഞ് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നതെന്ന്’ സീമ പറയുന്നു.

ചാരിറ്റി നിര്‍ത്തണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നടി പറയുന്നതിങ്ങനെയാണ്..

‘ഒരുപാട് തവണ ചാരിറ്റിയൊക്കെ നിര്‍ത്താം എന്ന് തോന്നിയിട്ടുണ്ട്. ചില സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മനസിനെ വേദനിപ്പിക്കുന്ന മോശം അനുഭവങ്ങളില്‍ നിന്നാണ്. പക്ഷേ പുറത്ത് നിന്നുള്ളവരില്‍ നിന്നും അങ്ങനെ ഉണ്ടായിട്ടില്ല. നമ്മുടേതായി ഒത്തിരി പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ഇത് വേണോ എന്ന് വിചാരിച്ചിട്ടുണ്ട്. ഉദ്ദാഹരണം പറഞ്ഞാല്‍ ശരണ്യയുടെ കാര്യമാണ്. അവളുടെ ചികിത്സയ്ക്കും വീട് ഉണ്ടാക്കിയതിനുമൊക്കെ പൈസ വന്നത് ശരണ്യയുടെ അക്കൗണ്ടിലേക്ക് തന്നെയാണ്. ശരണ്യ പോയതിന് ശേഷവും വീടിന്റെ ആധാരവും പവര്‍ ഓഫ് അറ്റോണിയും ഞാന്‍ വാങ്ങിച്ച് വെച്ചിരിക്കുകയാണ് എന്നൊക്കെയാണ് പറയുന്നത്. കുറച്ച് കാലം കഴിയുമ്പോള്‍ സീമ ജി നായര്‍ ആ വീടും കൊണ്ട് പോകും എന്നൊക്കെയാണ് ഓരോരുത്തരും പറയുന്നത്. ഇതൊക്കെ കേട്ടപ്പോള്‍ എല്ലാം നിര്‍ത്താം എന്ന് തോന്നി’.

അങ്ങനെ വിചാരിക്കുന്നിടത്ത് നിന്നും മറ്റൊന്ന് താന്‍ തുടങ്ങി വെക്കും. ഞാന്‍ അതിന്റെ പിന്നാലെ പോവും. എനിക്ക് ഇത് നിര്‍ത്താന്‍ കഴിയില്ല. നിര്‍ത്തണം എന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ ആരെങ്കിലും സഹായം ചോദിച്ച് വിളിയ്ക്കും. അത് കണ്ടില്ല, കേട്ടില്ല എന്ന് നടിയ്ക്കാന്‍ എനിക്ക് സാധിക്കില്ല. മറ്റ് താരങ്ങളെ പോലെ അഭിനയം മാത്രമെന്ന് കരുതി ജീവിക്കാന്‍ എനിക്ക് കഴിയില്ല. എത്ര എതിര്‍പ്പുകള്‍ ഉണ്ടായാലും എനിക്ക് പറ്റുന്നത് പോലെ ഇനിയും ആളുകളെ സഹായിക്കുമെന്നാണ് സീമ പറഞ്ഞ് നിർത്തുന്നത്.

Noora T Noora T :