കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി. ദ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്ക് ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ നികുതി ഉളവ് നല്‍കിയതിന് പിന്നാലെയാണ് ആരോപണവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ജി രംഗത്തെത്തിയത്.
1980കളുടെ അവസാനത്തില്‍ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ കശ്മീരി പണ്ഡിറ്റുകളില്‍ ഭയം ജനിപ്പിക്കാനും, അതുവഴി അവര്‍ കശ്മീരിലേക്ക് മടങ്ങിവരുന്നത് തടയാനുമുള്ള തീവ്രവാദ സംഘടനകളുടെ ഗൂഢാലോചനയാണെന്ന് മാഞ്ജി ആരോപിച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ഉള്‍പ്പെടെ, സിനിമയുടെ നിര്‍മ്മാതാക്കളും തീവ്രവാദ സംഘടനകളും തമ്മില്‍ സാധ്യമായ ബന്ധമുണ്ടാകാം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദ ബന്ധം അടക്കമുള്ള വിഷയങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും ജിതന്‍ റാം മാഞ്ജി ആവശ്യപ്പെട്ടു.
ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് വന്‍ പ്രചാരമാണ് ബിജെപി നല്‍കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയാണ് ചിത്രം തുറന്നു കാണിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കുന്നു. ചിത്രത്തെയും സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. ബിജെപി-എന്‍ഡിഎ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തിന് ടാക്സ് ഇളവും നല്‍കിയിട്ടുണ്ട്.