കര്‍ഷകര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമ്പോള്‍, ശതകോടി വ്യവസായിയുടെ വീട്ടിലെ ചടങ്ങുകള്‍ ആര് ആഘോഷിക്കണം; വിമർശനവുമായി സംവിധായകൻ എം.എ നിഷാദ്

കര്‍ഷകന്റെയും മുകേഷ് അംബാനിയുടെയും ചിത്രങ്ങള്‍ പങ്കുവെച്ച് വിമര്‍ശനവുമായി സംവിധായകന്‍ എം.എ നിഷാദ്. വിശപ്പകറ്റാന്‍ കഷ്ടപ്പെടുന്ന സഹോദരന്മാരായ കര്‍ഷകര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ഇന്ത്യയില്‍, ശതകോടി വ്യവസായ ഭീമന്റെ വീട്ടിലെ ചടങ്ങുകള്‍ ആഘോഷിക്കണ്ട എന്നാണ് സംവിധായകന്‍ പറയുന്നത്. കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പാണ് സംവിധായകന്‍ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

മുകേഷ് അബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോകയ്ക്കും കഴിഞ്ഞ ദിവസമാണ് ആൺകുഞ്ഞ് പിറന്നത്. ചിത്രം ശ്ലോക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു

എം.എ നിഷാദിന്റെ കുറിപ്പ്:

രണ്ട് ചിത്രങ്ങള്‍… ജനസംഖ്യ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരാണ് നമ്മള്‍ ഭാരതീയര്‍. അതായത് മാനവശേഷിയിലെ രണ്ടാമത്തെ രാഷ്ട്രം… ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണി കിടന്നുറങ്ങുന്ന പാവപ്പെട്ടവരുളളതും നമ്മുടെ ഭാരതത്തിലാണ്…രാജ്യ തലസ്ഥാനമായ ഡല്‍ഹി എന്ന ഇന്ദ്രപ്രസ്ഥം ഒരു വലിയ പ്രക്ഷാഭത്തിന് സാക്ഷ്യം വഹിച്ചിട്ട് നാളുകള്‍ ഏറെയായി..

അന്നം നല്‍കുന്ന കര്‍ഷകരുടെ അതിജീവനത്തിനായുളള സമരം…അവര്‍ അചഞ്ചലരാണ്…അവര്‍ പോരാളികളാണ്… അവര്‍ ധീര ദേശാഭിമാനികളാണ്…രാജ്യ സ്‌നേഹത്തിന്റെ അളവുകോലുമായി നടക്കുന്ന സംഘി ഭരണകൂടത്തിന് മനുഷ്യരെ ഭയമാണ്…ചങ്കൂറ്റമുളള ആ മനുഷ്യരുടെ മുന്നില്‍ മുട്ട് വിറക്കുന്നവരാണ്… അവര്‍ ഫാസിസ്റ്റുകള്‍…

അവരങ്ങനെയാണ് ഭയവും, അസഹിഷ്ണതയും, അവരെ മദിച്ച് കൊണ്ടേയിരിക്കും… അവരുടെ തിട്ടൂരങ്ങളില്‍ ഭയക്കാതെ, നിശ്ചയദാര്‍ഡ്യത്തോടെ, സമരം ചെയ്യുന്ന ഒരു കര്‍ഷകന്റേതാണ്..ഒന്നാമത്തെ ചിത്രം….സര്‍ദാറാണ്…ഗുരു നാനാക്കിന്റെ ശിഷ്യരാണ്… സിരകളില്‍ പോരാട്ട വീര്യമുളളവരാണ്.. അവര്‍ തോറ്റ് കൊടുക്കില്ല…

ഇനി രണ്ടാമത്തെ ചിത്രം…ഒരു കോര്‍പ്പറേറ്റ് ഭീമന് കൊച്ചു മകന്‍ ഉണ്ടായതിന്റെ വാര്‍ത്ത… ആഘോഷമാണത്രെ… നമ്മുടെ വിശപ്പകറ്റാന്‍ കഷ്ടപ്പെടുന്ന സഹോദരന്മാരായ കര്‍ഷകര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ഇന്നിന്റെ ഇന്‍ഡ്യയില്‍.. പോഷകാഹാരം പോയിട്ട് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ, ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങള്‍ ദിനം പ്രതി മരിച്ച് വീഴുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍…

ഒരു ശതകോടി വ്യവസായിയുടെ വീട്ടിലെ തികച്ചും സ്വകാര്യമായ ചടങ്ങുകള്‍.. ആര് ആഘോഷിക്കണം.. പറയൂ… ഇത്തരം വാര്‍ത്തകള്‍ കണ്ണീരില്‍ കഴിയുന്ന ഒരു ജനതയുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍…ഈ രാജ്യത്തെ ലക്ഷകണക്കിന് ദരിദ്ര നാരായണന്മാരേയും എന്നും ചൂഷണത്തിന് വിധേയരായ അടിസ്ഥാന വര്‍ഗ്ഗത്തേയും സാധാരണക്കാരേയും…

ഒരേ പോലെ ആക്ഷേപിക്കുന്നതിന് തുല്ല്യമാണ്… ഈ രാജ്യത്തിന്റെ സമ്പദ്ഘടനേയെ ഒരു ഭരണവര്‍ഗ്ഗം മുച്ചൂട്ടും നശിപ്പിച്ചത്…ഈ വ്യവസായ ഭീമന് വേണ്ടിയാണ്…അംബാനിയുടെ അന്തപ്പുര കാഴ്ച്ചകള്‍. ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല സാര്‍… ഞങ്ങള്‍ക്കറിയേണ്ടത് ഈ നാട്ടിലെ കര്‍ഷകരെ കുറിച്ചാണ്. അതാണ് സാര്‍ വാര്‍ത്ത…അതാവണം സാര്‍ വാര്‍ത്ത…ലാല്‍ സലാം

Noora T Noora T :