അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്തായിരുന്നു ആ വഴക്കുകൾ നടന്നത്…അന്ന് ദേഷ്യം തോന്നിയെങ്കിലും പിന്നീട് നടന്നത് ഇതാണ്; വർഷങ്ങൾക്ക് ശേഷം നവ്യ പറയുന്നു

ഓരോ സ്‌കൂള്‍ കലോത്സവങ്ങള്‍ വരുമ്പോഴും നവ്യ നായരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിലിൽ വൈറലാവാറുണ്ട്. നവ്യ നായര്‍ പഠിച്ചിരുന്ന കാലത്ത് സ്‌കൂള്‍ കലോത്സവത്തിനിടെ കലാതിലകപട്ടം നഷ്ടപ്പെട്ട് പോയതിന്റെ വിങ്ങലില്‍ നവ്യ കരയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അന്ന് നവ്യയ്‌ക്കൊപ്പം കട്ടയ്ക്ക് മത്സരിച്ചിരുന്ന നടി അമ്പിളി ദേവിയാണ് കലാതിലകമായത്. സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അര്‍ഹതയുണ്ടെന്നുമൊക്കെ മത്സരത്തിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ പ്രശസ്തമായിരുന്നു. ഇപ്പോഴും അത് വാര്‍ത്തകളില്‍ നിറയാറുണ്ട്‌ .

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തിയിലൂടെ ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയാണ് നവ്യ നായർ. തിരിച്ചുവരവിലെ വിശേഷങ്ങള്‍ പങ്കിട്ട് നടി ഒരു പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു.

കലോത്സ വേദിയില്‍ കരഞ്ഞ സംഭവത്തെക്കുറിച്ചും അവതാരകന്‍ നവ്യയോട് ചോദിച്ചിരുന്നു. ആ കരച്ചില്‍ ഇപ്പോള്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നതെന്ന് ചോദിച്ചപ്പോള്‍ ചിരിയെന്നായിരുന്നു നവ്യയുടെ മറുപടി. പണ്ടുണ്ടാവുന്ന വിഷമങ്ങളൊക്കെ നമുക്ക് ചിരിക്കുന്ന ഓര്‍മ്മകളായിരിക്കുമെന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ, അതാണ് അവസ്ഥ. ഇപ്പോള്‍ അതാലോചിക്കുമ്പോള്‍ തമാശയായാണ് തോന്നുന്നത്.

അമ്പിളി ദേവിയോട് അന്ന് ദേഷ്യം തോന്നിയെങ്കിലും പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായെന്ന് നവ്യ പറഞ്ഞിരുന്നു. അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്തായിരുന്നു ആ വഴക്കുകൾ നടന്നത്. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിൽ അഭിനയിക്കാതിരുന്ന സമയത്തും കുറേ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. പരീക്ഷ കാരണമാണ് അന്ന് ആ സിനിമ ചെയ്യാതിരുന്നതെന്ന് നവ്യ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ നവ്യയും സന്തോഷേട്ടനും തന്നെ വിളിച്ചിരുന്നുവെന്ന് അമ്പിളി ദേവിയും പറഞ്ഞിരുന്നു.

അര്‍ഹതയുണ്ടെന്ന് മനസിലാക്കിയിട്ടും ഇപ്പോള്‍ ഒരു അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ നമ്മള്‍ അതേക്കുറിച്ച് എവിടെയും പറയില്ല. അത് പറഞ്ഞ് കരയുകയും ചെയ്യില്ല. പ്രായത്തിന്റേതായ പക്വതയാണ് അത്. സിനിമാതാരമായതിന്റെ പേരില്‍ ആനുകൂല്യങ്ങളും അംഗീകാരങ്ങളും ഒരുപാട് കിട്ടിയിട്ടുണ്ട്. ഇപ്പോഴും പണ്ട് ചെയ്ത് വെച്ച കഥാപാത്രങ്ങളുടെ പേരില്‍ ഇന്നും ഞാന്‍ ആനുകൂല്യം അനുഭവിച്ച് കൊണ്ടേയിരിക്കുന്നു. എവിടെപ്പോയാലും പരിഗണനയുണ്ട്. ഞാനെന്ന കലാകാരിയോടും സിനിമയെന്ന മാധ്യമത്തോടുള്ള ഇഷ്ടവും കൊണ്ടാണ് അത് ലഭിക്കുന്നത്.

നന്ദനത്തിന്റെ സമയത്ത് നവ്യയ്‌ക്കൊരു പ്രണയമുണ്ടായിരുന്നില്ലേ, അത് മറന്നോയെന്ന് ചോദിച്ചപ്പോള്‍ ഒരു പ്രണയവും ഞാന്‍ മറന്നിട്ടില്ലെന്നായിരുന്നു നവ്യയുടെ മറുപടി. പ്രണയം അങ്ങനെ മറക്കാന്‍ ആര്‍ക്കും പറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. ലോകത്ത് ഏറ്റവും സന്തോഷമുള്ള കാര്യം സ്‌നേഹിക്കപ്പെടുക എന്നുള്ളതാണെന്നും താരം പറഞ്ഞിരുന്നു.

Noora T Noora T :