നിരത്തിയിട്ട ഡാൻസ് കോസ്റ്റ്യൂമിന് മുന്നിൽ കണ്ണും നട്ട് ശോഭന; ചിത്രം വൈറൽ

അഭിനയവും കൊണ്ടും നൃത്തം കൊണ്ടും മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ശോഭന
അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി താരം തന്റെ സിനിമ വിശേഷങ്ങളും നൃത്തവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ചർച്ചയായിരിക്കുന്നത്.

നിരത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങൾക്ക് മുന്നിലിരിക്കുന്ന തന്റെ ചിത്രമാണ് ശോഭന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നടിയുടെ പഴയ നൃത്ത വസ്ത്രങ്ങളാണ് ഇവയെന്നാണ് കാഴ്ചയിൽ നിന്ന് വ്യക്തമാകുന്നത്. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലാണ്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതെ സമയം തന്നെ കഴിഞ്ഞ ദിവസം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് ശോഭന നൽകിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുന്ദരനായി കുറച്ചു കൂടി ചെറുപ്പമായ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ കാണപ്പെട്ടത്. ‘കൂൾ ലാൽ സാർ’ എന്നായിരുന്നു കമന്റ്.

സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങൾ​ പങ്കുവയ്ക്കാനായി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയി ഇതുവഴി സംവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തതു കൊണ്ടു തന്നെ എല്ലാവർക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമായിരുന്നു.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

Noora T Noora T :