അവസരങ്ങൾ തേടി ഒരുപാട് വാതിലുകൾ മുട്ടിയിട്ടുണ്ട്; അവ​ഗണനകൾ പലതരത്തിലും ഉണ്ടായിട്ടുണ്ട് ! സിനിമ ഉപേക്ഷിക്കാൻ തോന്നിയ നിമിഷത്തെ കുറിച്ച് പറഞ്ഞ് ലാലു അലക്‌സ്!

മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു അഭിനേതാവാണ് ലാലു അലക്സ്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോൾ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു അലക്സ്

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ബ്രോ ഡാഡി. സിനിമയില്‍ ലാലു അലക്‌സും പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരുന്നു. കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രത്തിലൂടെ ഏറ്റവും സ്‌കോര്‍ ചെയ്തത് ലാലു അലക്‌സ് ആണെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായൊരു വേഷത്തില്‍ ലാലു അലക്‌സ് അഭിനയിച്ച സിനിമയായിരുന്നു ബ്രോ ഡാഡി.

സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പല അഭിമുഖങ്ങളിലൂടെയും തന്റെ കരിയറിനെ കുറിച്ച് നടന്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തില്‍ വലിയ വേദനകളിലൂടെയും വിഷമങ്ങളിലൂടെയുമൊക്കെ പോയതിനെ പറ്റിയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ലാലു അലക്‌സ് പറയുന്നത്. താരത്തിന്റെ വാക്കുകളിങ്ങനെയാണ്…

പ്രതിസന്ധിയിലൂടെ തന്റെ ജീവിതം കടന്നുപോയപ്പോള്‍ മുഴുവന്‍ പിന്തുണ തന്നത് ഭാര്യ ബെറ്റി ആണെന്നാണ് ലാലു അലക്‌സ് പറയുന്നത്. പലപ്പോഴും തനിക്ക് സിനിമ ഇല്ലാതായിട്ടുണ്ട്. മലയാള സിനിമ എന്നോട് കുറച്ചുനാള്‍ വീട്ടിലിരിക്കാന്‍ പറയും. ഞാന്‍ അനുസരിക്കും. സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകള്‍ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓര്‍ത്താല്‍ സങ്കടം വരും. എനിക്ക് ഒരു മോള്‍ ഉണ്ടായിരുന്നു. 10 മാസമേ അവള്‍ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസ്സില്‍ നീറ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അവള്‍ക്കിപ്പോള്‍ 30 വയസ്സ് ആയേനെ. പക്ഷേ അതൊക്കെ ഞാന്‍ മറികടന്നു. അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായി കൊണ്ടിരിക്കുകയാണെന്നാണ് താരം പറയുന്നത്.

അവസരങ്ങള്‍ തേടി താന്‍ ഒരുപാട് വാതിലുകള്‍ മുട്ടിയിട്ടുണ്ട്. മിക്കവരും തുറന്നു തന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നിങ്ങള്‍ ഭാഗ്യവാന്‍ ആണോന്ന് ചോദിച്ചാല്‍ ആകെ മൊത്തം തൂക്കി നോക്കുമ്പോള്‍ ഭാഗ്യവാനാണ്. സ്വപ്നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി. അവഗണനകള്‍ പലതരത്തിലും ഉണ്ടായിട്ടുണ്ട് ഞാന്‍ അഭിനയിച്ച സിനിമയുടെ നൂറാം ദിന ആഘോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിത്രത്തില്‍ നല്ല റോളുകളിലായിരിക്കും ഞാന്‍ അഭിനയിച്ചത്. അതുകൊണ്ട് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കാത്തിരുന്നിട്ടുണ്ട്. പക്ഷേ വിളിക്കില്ല. അതൊക്കെ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് ലാലു അലക്‌സ് പറയുന്നത്.സിനിമ ഉപേക്ഷിച്ച് പോരണം എന്ന് വരെ തോന്നിയ പോയ നിമിഷത്തെ കുറിച്ചും ലാലു അലക്‌സ് പറഞ്ഞിരുന്നു. ആദ്യകാലത്ത് സിനിമാ ചിത്രീകരണത്തിനിടയില്‍ എന്നെപ്പോലുള്ള അഭിനേതാക്കളെ സാവധാനമേ വിളിക്കൂ. പ്രമുഖ താരങ്ങളുടെ രംഗങ്ങളൊക്കെ വേഗം തീര്‍ക്കണം. തിരക്കുള്ള അവരൊക്കെ പോയി കഴിഞ്ഞ് നമ്മുടെ സീന്‍ വരുകയുള്ളൂ. അതുവരെ വെയിലും മഴയും കൊണ്ട് അങ്ങനെ നില്‍ക്കും. മേക്കപ്പ് ഇന്നത്തെ പോലെ ഒന്നും അല്ല അന്ന്. പലപ്പോഴും വില്ലന്മാര്‍ക്ക് താടി വേണം. താടി വളരുന്നത് വരെയൊന്നും ആരും കാത്തു നില്‍ക്കില്ല. ഒട്ടിക്കലാണ് പരിപാടി.

മുഖത്ത് ഒരു ഗം തേക്കും. അപ്പോഴേക്കും പുകച്ചില്‍ തുടങ്ങും.. പിന്നെ പാത്രത്തില്‍ കുനുകുനാ അരിഞ്ഞിട്ട് മുടി മേക്കപ്പ്മാന്‍ ഒരു ബ്രഷ് മുക്കി കുത്തി പിടിക്കും. നീറലും ചൊറിച്ചിലും വിട്ടുമാറില്ല. ഈ താടി വെച്ച് വൈകുന്നേരം ഷൂട്ടിന് കാത്തു നില്‍ക്കണം. ചിലപ്പോള്‍ അന്ന് കാണില്ല. എല്ലാം കഴുകി കളഞ്ഞു പിറ്റേന്നു അതുപോലെ തന്നെ ആവര്‍ത്തിക്കും. മൂന്നാല് ദിവസം വരെ ഇങ്ങനെ കാത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ദേഷ്യം വന്നാലും അത് പുറത്ത് കാണിക്കാന്‍ പറ്റില്ല. ചാന്‍സ് പോവില്ലേ. തിരിച്ചു മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ചുവരില്‍ ആഞ്ഞടിച്ച ആ ദേഷ്യം തീര്‍ക്കും. സിനിമ ഉപേക്ഷിച്ച് മടക്കം എന്ന് തോന്നിയ സാഹചര്യങ്ങളായിരുന്നു അതൊക്കെ. പക്ഷേ അന്ന് പിണങ്ങി പോരാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ലാലു അലക്‌സ് പറയുന്നു.

About LaluAlex

AJILI ANNAJOHN :