എനിക്ക് ചിലത് പറയാനുണ്ട്; അത് കേട്ടിട്ട് ബാക്കി തീരുമാനിക്കൂ…. രണ്ടും കൽപിച്ച് ദിലീപ് സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ ദിലീപ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.

കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും വിചാരണാ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് നടി ആരോപിച്ചു. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് പോലും കോടതി അനുവാദം നല്‍കി. സ്വഭാവശുദ്ധിയെ പറ്റിയുള്ള ചോദ്യങ്ങള്‍ പോലും അനുവദിക്കപ്പെട്ടു. 40ലധികം അഭിഭാഷകര്‍ വിചാരണ നടക്കുമ്ബോള്‍ കോടതി മുറിയിലുണ്ടായി. പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹര്‍ജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നുവെന്നും വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്

കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയെ സമീപിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷന്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോവണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. അല്ലാത്തപക്ഷം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ജസ്റ്റിസ് വിജി അരുണ്‍ പറഞ്ഞു.

കോടതി മുറിയില്‍ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതെ സമയം തന്നെ കേസില്‍ മാപ്പുസാക്ഷിയെ ഭീഷണപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് ജാമ്യം ലഭിച്ചു. ഹോസ്ദുര്‍ഗ് കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നവംബര്‍ 24നാണ് പ്രദീപ്കുമാര്‍ അറസ്റ്റിലാകുന്നത്. നാല് ദിവസം പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. നാല് ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനാല്‍ പ്രദീപ് കുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടേണ്ട ആവശ്യമില്ലെന്നും ഏഴുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കേസ് ആയതിനാല്‍ കീഴ് കോടതിയ്ക്ക് തന്നെ ജാമ്യം അനുവദിക്കാമെന്നും പ്രതിഭാഗം കോടതിയില്‍ അറിയിച്ചിരുന്നു.

Noora T Noora T :