ഭീരുക്കളെപറ്റി പറഞ്ഞ് സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം; ഹരീഷ് പേരടി

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമത്തിനെതിരെ ‍ഡൽഹിയിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ നടൻ കാർത്തി കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. കര്‍ഷകരുടെ ശബ്ദം കേട്ട് അവര്‍ക്ക് അനുകൂലമായി തീരുമാനം. എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കാര്‍ത്തിയുടെ പ്രസ്താവന. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലുമുള്ള കര്‍ഷകര്‍ വളരെ ദൂരം സഞ്ചരിച്ച് ഒരാഴ്ചയായി സമരം ചെയ്യുന്നത് ഹൃദയത്തെ നടുക്കുന്നു എന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോൾ ഇതാ കാർത്തിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി തൻ്റെ പിന്തുണ വ്യക്തമാക്കിയിരിക്കുന്നത്.

ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം. എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നു. കാർത്തിയുടെ ട്വീറ്റ് വാർത്തയായതിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് നടൻ തൻ്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

‘അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്ക്കാരം…ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം… ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

കർഷകർക്കായി രൂപീകരിച്ച തന്‍റെ ഉഴവന്‍ ഫൗണ്ടേഷന്‍റെ പേരിലായിരുന്നു നടൻ കാര്‍ത്തി കുറിപ്പ് പുറത്തിറക്കിയത്. ഇതിനകം തന്നെ ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളുമൊക്കെ മൂലം കര്‍ഷകര്‍ അഭീമുഖീകരിക്കുന്നത് വലിയ പ്രശ്‌നങ്ങളാണെന്നും കര്‍ഷകരുടെ ഈ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കുന്നതാണെന്നും കാർത്തി കുറിപ്പിൽ പറഞ്ഞിരുന്നു. അവരുടെ വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല എങ്കിൽ അതവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും കാര്‍ത്തി കുറിപ്പിൽ പറഞ്ഞിരുന്നു. എല്ലാ പ്രതിബന്ധങ്ങളും അവഗണിച്ച് കർഷകൻ എന്ന ഒറ്റ വികാരത്തിന്മേലാണ് അവരുടെ സമരമെന്നും അതുകൊണ്ട് അധികാരികള്‍ അത് കാണാതിരിക്കരുതെന്നും അവരുടെ ആവശ്യങ്ങള്‍ കേട്ട് നടപടി എടുക്കണമെന്നും അവരെ മറക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തിരുന്നു.

Noora T Noora T :