എത്രയോ പേരുടെ കഷ്ടപ്പാടാണ് അവർ ഇല്ലാതാക്കിയത്; ഇപ്പോൾ അവർ പശ്ചാത്തപിക്കുന്നുണ്ടാകും; കുറക്കൻമൂലയുടെ സൃഷ്ടാവ് പറയുന്നു!

മലയാളത്തില്‍ ‘മിന്നല്‍ മുരളി തീര്‍ത്ത ആവേശം അവസാനിക്കുന്നില്ല. ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിനെ കുറിച്ചാണ് പ്രേക്ഷകരുടെ സംസാരം. ‘ ബേസിൽ ജോസഫിന്റെ സംവിധാനം മികവിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നെറ്റ്ഫ്ലിക്സിൽ എത്തിയ മലയാളത്തിലെ ആദ്യ മുഴുനീളെ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. ഒരു സംവിധായകൻ എന്ന നിലയിൽ വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് പലർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത തലങ്ങളിലേക്ക് ബേസിൽ ജോസഫ് എത്തിയിരിക്കുകയാണ്. അരുണിന്റേയും ജസ്റ്റിന്റേയും മികച്ച ഒരു തിരക്കഥയെ ഒരു സൂപ്പർ ഹീറോ ചിത്രത്തിന് വേണ്ട ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി വളരെ കയ്യടക്കത്തോടെയാണ് ബേസിൽ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്.

സിനിമ ഒടിടിയിൽ റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോഴും സിനിമയെ കുറിച്ച് എല്ലായിടത്തും നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് ഒരു സൂപ്പർ ഹീറോയെ ലഭിച്ചുവെന്നാണ് സിനിമ കണ്ട സെലിബ്രിറ്റികളടക്കം അഭിപ്രായപ്പെട്ടത്. സിനിമ ചർച്ചയാകുന്നപോലെ സിനിമ കണ്ടവരെല്ലാം ഇപ്പോൾ സംശയത്തോടെ മുന്നോട്ട് വെക്കുന്നുണ്ട് . മിന്നൽ മുരളിയുടെ ഷൂട്ടിങിന് വേണ്ടി കാലടിയിൽ പണിത സെറ്റ് എന്തിനാണ് ഒരു സംഘം ആളുകൾ ചേർന്ന് തകർത്തത് എന്ന്. സിനിമാ പ്രേമികളിൽ ചിലർ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു ‘സിനിമ പലതവണ കണ്ടിട്ടും ഇതുവരേയും പിടികിട്ടാത്തൊരു കാര്യം അന്ന് ഒരു സംഘം ആളുകൾ ചേർന്ന് എന്തിനാണ് കാലടിയിൽ നിർമിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് തകർത്തത് എന്ന്’. നിരവധി പേർ സോഷ്യൽമീഡിയയിൽ മിന്നൽ മുരളി കണ്ട ശേഷം ഇതേ സംശയവുമായി എത്തിയിരുന്നു.

80 ലക്ഷം മുതൽ മുടക്കി നിർമിച്ച മിന്നൽ മുരളിയുടെ ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് ഒരു സംഘം ആളുകൾ ചേർന്ന് തകർത്തത്. വിദേശത്ത് കാണുന്ന മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് കാലടി മഹാദേവ ക്ഷേത്രത്തിനടുത്തായി ആർട് ഡയറക്‌ടറുടേയും സംഘത്തിന്റേയും കരവിരുതിൽ ഉയർന്ന് പൊങ്ങിയത്. ഷൂട്ടിംഗ് പുരോഗമിക്കവെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വരുന്നതും തുടർ ചിത്രീകരണം മുടങ്ങുന്നതും ശേഷമാണ് അപ്രീതക്ഷിതമായി ഒരു സംഘം ആളുകൾ 2020 മെയ്യിൽ സെറ്റ് തകർത്തത്. സമയവും അധ്വാനവും സാമ്പത്തികവും ചിലഴിച്ച് പടുത്തുയർത്തിയ സെറ്റിന് സംഭവിച്ച ദുരന്തത്തിൽ അന്ന് അണിയറപ്രവർത്തകർ അടക്കം ഞെട്ടലിലായിരുന്നു. പിന്നീട് അതിലും മനോഹരമായ സെറ്റ് കഠിനാധ്വാനത്തിലൂടെ കൂട്ടായ്മയിലൂടെ പണിതുയർത്തി ബേസിലും സംഘവും മിന്നൽ മുരളി പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചു.

മിന്നൽ മുരളിക്ക് വേണ്ടി കലാസംവിധാനം നിർവഹിച്ചത് മനു ജഗത്താണ്. ഫൈൻ ആർട്സ് ബിരുദം നേടിയ ശേഷം പത്ത് വർഷത്തോളം സാബു സിറിലിൻറെ സഹായിയായി പ്രവർത്തിച്ച ശേഷമാണ് മനു സ്വതന്ത്ര കലാസംവിധായകനായത്. മിന്നൽ മുരളി വിജയത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ കുറക്കൻ മൂല ഗ്രാം സൃഷ്ടിച്ചെടുത്തതിന്റേയും അപ്രതീക്ഷിതമായ പ്രതിസന്ധി തരണം ചെയ്തതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് മനു ജഗത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മനു ജഗത് വിശേഷങ്ങൾ പങ്കുവെച്ചത്. കൂട്ടായ്മയുടെ വിജയവും നിർമാതാവിന്റെ സഹകരണവുമാണ് സിനിമയുടെ വിജയത്തിന് കാരണമെന്ന് മനു ജഗത് പറയുന്നു. ഒരു കോമിക് ബുക്ക് വായിക്കുന്ന പോലെ ആണ് കഥ കേട്ടപ്പോൾ തോന്നിയതെന്നും അതേ ഫീൽ ആണ് സിനിമയ്ക്കും കൊടുത്തിരിക്കുന്നതെന്നും ഒരു കോമിക്ക് ബുക്ക് വായിക്കുന്നതുപോലെ എല്ലാവർക്കും തോന്നണം എന്നത് ബേസിലിന്റെ നിർബന്ധമായിരുന്നുവെന്നും മനു ജഗത് പറയുന്നു.

ആലുവ മണപ്പുറത്ത് നിർമിച്ച സെറ്റ് നശിപ്പിച്ചവർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും. സിനിമ എന്നൊരു കലാരൂപം മാത്രമാണ് ഞങ്ങൾ ചെയ്യാൻ ഉദേശിച്ചത്. അതിൽ മതസ്പർദ്ധ വളർത്തുകയോ ജാതിപരമായ എന്തെങ്കിലും ഉദ്ദേശമോ ഉണ്ടായിരുന്നില്ല. എല്ലാവർക്കും ആസ്വദിക്കാനുള്ള കലയാണ് സിനിമ അതിന് വേണ്ടി ഒരു സെറ്റ് നിർമ്മിച്ചത് മതവികാരം വ്രണപ്പെടുത്തി എന്നൊക്കെ പറയുന്നത് എന്ത് കഷ്ടമാണ്. ആ സെറ്റ് പൊളിച്ചത് സാമ്പത്തികമായി ഒരുപാട് ബാധ്യതയുണ്ടാക്കി. എത്രയോപേരുടെ കഷ്ടപ്പാടാണ് അവർ ഇല്ലാതാക്കിയത് അതോടൊപ്പം ആ സെറ്റ് കെട്ടിപ്പൊക്കാൻ ചെലവായ തുക.

പൊളിക്കുന്നവർക്ക് ഇതൊന്നും ഓർക്കേണ്ട കാര്യമില്ല. ഒരു നിമിഷം കൊണ്ട് എല്ലാം തകർത്തുകളയാൻ പറ്റും. അത് പൊളിച്ചിട്ട് ആരും ഒന്നും നേടിയില്ല. അത് ആ സിനിമയുടെ ക്‌ളൈമാക്‌സിനു വേണ്ടി ചെയ്ത സെറ്റാണ്. അത് കൂടി ഷൂട്ട് ചെയ്താൽ സിനിമ കഴിഞ്ഞു. അയ്യായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ആവശ്യമുള്ള ഒരു സീൻ ആയിരുന്നു അത്. കൊറോണ സമയത്ത് അവരെ അവിടെ എത്തിക്കാൻ ഒക്കെ നല്ല ബുദ്ധിമുട്ടുണ്ടായി.

പക്ഷെ എല്ലാം നല്ലതിന് വേണ്ടി ആയിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. മിന്നൽ മുരളി തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയായിരുന്നു. അതിന് കഴിയാത്തതിൽ നിരാശയുണ്ട്. ഈ പടം ഒരു തിയേറ്റർ എക്സ്പീരിയൻസ് ആകേണ്ടതാണ്. പിന്നെ ഒരു സന്തോഷമുള്ളത് ലോകം മുഴുവൻ ഉള്ളവർക്ക് കാണാൻ കഴിഞ്ഞുവെന്നതാണ്. കൂടുതൽ ആളുകളിലേക്ക് സിനിമ വളരെ വേഗം എത്തി.

about minnal murali

Safana Safu :