ദിലീപിന്റെ മുഴുവന്‍ കാശും പോകണമെന്ന് ആശിച്ച പലരും അമ്മയില്‍ തന്നെയുണ്ടായിരുന്നു, ഇവന്റെ നെഗളിപ്പ് ഇതോടെ തീരും എന്ന് കരുതിയവര്‍; പക്ഷേ ആ പടം നന്നായി ഓടി

മലയാള താര സംഘടനയായ അമ്മയുടെ തലപ്പത്ത് വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. 25 വര്‍ഷം സംഘടനയുടെ ഭാരവാഹിത്വം വഹിച്ച ഇടവേള ബാബു സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാകുകയാണ് എന്ന് അറിയിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്‍ലാലും പിന്മാറുന്നെന്നാണ് വിവരം. സംഘടനയുടെ തലപ്പത്തേക്ക് പകരം ആര് വരുമെന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പൃഥിരാജ് സ്ഥാനം ഏറ്റെടുക്കമെന്നാണ് ആഗ്രഹമെന്ന് ഇടവേള ബാബു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. കാര്യങ്ങള്‍ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിന്റേതായ പൊളിറ്റിക്‌സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങള്‍ വ്യക്തമായിട്ട് അറിയാം. അതുപോലെ ചാക്കോച്ചന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോഴിതാ അമ്മ ഭാരവാഹി സ്ഥാനത്തേക്ക് ആരെത്തും എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഇടവേള ബാബു സ്ഥാനമൊഴിയുന്നതോടെ താനുമില്ല എന്ന നിലപാടിലേക്ക് മോഹന്‍ലാല്‍ മാറി എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ പ്രസിഡന്റ് സ്ഥാനം ആലങ്കാരിക പദവി അല്ലെന്ന് തെളിയിച്ച പ്രസിഡന്റാണ് മരിച്ച് പോയ നമ്മളുടെ ഇന്നസെന്റ്. 18 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം പ്രസിഡന്റായിരുന്നു. അമ്മ സംഘനടയുടെ പുഷ്‌കര കാലമായിരുന്നു. എല്ലാ സിനിമാ സംഘനടാ നേതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുകയും കാര്യങ്ങള്‍ താന്‍ പറയുന്നിടത്ത് എത്തിക്കുകയും ചെയ്ത തന്ത്രശാലിയായ പ്രസിഡന്റായിരുന്നു ഇന്നസെന്റ്.

ആരോടും പിണങ്ങില്ല. പ്രത്യേകിച്ചും ഈഗോയുള്ള നടീ നടന്‍മാരുടെ സംഘടനയുടെ തലപ്പത്ത് വഴുതി വഴുതി പോകുന്ന ആള്‍ക്കേ ഇരിക്കാന്‍ പറ്റൂ, അത് ഇന്നസെന്റ് നല്ല രീതിയില്‍ കൈകാര്യം ചെയ്‌തെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ട്വന്റി ട്വന്റി എന്ന സിനിമ ദിലീപ് നിര്‍മ്മിച്ചത് ഇന്നസെന്റിന്റെ കാലത്താണ്. ഞാന്‍ പ്രൊഡ്യൂസ് ചെയ്യാം, ലാഭം വന്നാലും നഷ്ടം വന്നാലും അഞ്ച് കോടി നല്‍കാമെന്നാണ് ദീലീപ് പറഞ്ഞിരുന്ന വാക്ക്.

അവന്റെ മുഴുവന്‍ കാശും പോകണമെന്ന് ആശിച്ച പലരും അമ്മയില്‍ തന്നെയുണ്ടായിരുന്നു. ഇവന്റെ നെഗളിപ്പ് ഇതോടെ തീരും എന്ന് കരുതിയവര്‍. പക്ഷെ ആരുടെയോ ഭാഗ്യം കൊണ്ട് പടം നന്നായി ഓടി. അഞ്ച് കോടിക്ക് പകരം ആറ് കോടി ദിലീപ് സംഘടനയ്ക്ക് കൊടുത്തെന്നും ശാന്തിവിള ദിനേശ് പറയുന്നു. അമ്മ സംഘടയുടെ പ്രസിഡന്റായി മമ്മൂട്ടി സ്ഥാനമേല്‍ക്കില്ലെന്നും ശാന്തിവിള അഭിപ്രായപ്പെട്ടു. ഇന്നത്തെ ചുറ്റുപാടിലും പ്രായത്തിന്റെ പ്രശ്‌നത്താലും അദ്ദേഹം പ്രസിഡന്റാകാന്‍ സാധ്യതയില്ല.

താന്‍ ആലോചിച്ചിട്ട് എന്തെങ്കിലുമാെക്കെ കാരണത്താല്‍ ഈ സ്ഥാനം ഏറ്റെടുക്കാന്‍ പറ്റാത്തവരാണ് ഭൂരിഭാഗവും. ജനറല്‍ ബോഡിയില്‍ പോലും പങ്കെടുക്കാത്ത ആളാണ് സുരേഷ് ഗോപി. അങ്ങനെയൊരാളെ ആരെങ്കിലും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നോ അദ്ദേഹം മത്സരിക്കുമെന്നോ എനിക്ക് തോന്നുന്നില്ല. തുടക്കം മുതല്‍ സംഘടനയ്ക്കകത്തെ പ്രബല വിഭാഗം സുരേഷ് ഗോപിക്ക് എതിരാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഗണേശ് കുമാര്‍ മന്ത്രിയായിരുന്നില്ലെങ്കില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചേനെ. അദ്ദേഹം ഇപ്പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പോലും ഇല്ല. മുകേഷ് എംഎല്‍എയായി തിരക്കിലാണ്. സിദ്ദിഖിനെയും ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്. അമ്മയില്‍ നിന്ന് മാറി നില്‍ക്കുന്ന ദിലീപിനെ തിരിച്ച് കൊണ്ട് വന്ന് ജനറല്‍ സെക്രട്ടറിയാക്കാമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.

എല്ലാവരെയും കൊണ്ട് നടക്കാന്‍ പറ്റിയ കൗശലം കൈയിലുള്ള ആളാണ് ദിലീപ്. സംഘടനയ്ക്ക് അകത്ത് ദിലീപിന് പിന്തുണ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. ദിലീപിനെ എതിര്‍ത്തിരുന്ന ഭൂരിപക്ഷം പേരും പുറത്ത് പോയി. ദിലീപ് പക്ഷെ രാജി വെച്ചുവെന്നാണെന്റെ വിശ്വാസമെന്നും ശാന്തി വിള ദിനേശ് വ്യക്തമാക്കി.

Vijayasree Vijayasree :