കപ്പൽയുദ്ധം സിനിമയുടെ ഹൈലൈറ്റ്…തിയേറ്റർ പൂരപ്പറമ്പാക്കി! പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പന്ത്രണ്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദര്‍ശനം കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനുലഭിക്കുന്നത്.

സാങ്കേതികമികവിലും ദൃശ്യാവിഷ്കാരത്തിലും ‘മരക്കാര്‍’ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. കുഞ്ഞു കുഞ്ഞാലിയായി എത്തുന്ന പ്രണവ് മോഹൻലാൽ ആദ്യ അരമണിക്കൂറിൽ സിനിമയെ ആവേശകൊടുമുടിയിൽ എത്തിക്കുമെന്നും താരങ്ങളുടെ അഭിനയമികവും ചിത്രത്തെ വേറിട്ടുനിർത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.

സാബു സിറിലിന്റെ കലാസംവിധാനവും പ്രിയദർശന്റെ സംവിധാനമികവും ചിത്രത്തെ വേറെ തലത്തിലെത്തിക്കുന്നു. ആദ്യ പകുതിയിലെ കപ്പൽയുദ്ധമാണ് സിനിമയുടെ ഹൈലൈറ്റ്. കരയിലും കടലിലുള്ള യുദ്ധരംഗങ്ങൾ യാഥാർഥ്യത്തോടെ വെള്ളിത്തിരയിലെത്തിക്കാൻ പ്രിയദർശന് സാധിച്ചു.

രാത്രി പന്ത്രണ്ടു മണി മുതല്‍ ആണ് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്. 24 മണിക്കൂര്‍ മാരത്തോണ്‍ ഷോകളാണ് ആദ്യ ദിനം ഈ ചിത്രത്തിന് വേണ്ടി നടക്കുന്നത്. എണ്ണൂറില്‍ അധികം ഫാന്‍സ് ഷോകള്‍ ആണ് മരക്കാര്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ആരാധകര്‍ കേരളത്തില്‍ ഒരുക്കിയത്.

ചിത്രം അഞ്ചു ഭാഷകളില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

Noora T Noora T :