ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലെ ഭാസ്‌കര പിള്ള എന്ന കഥാപാത്രത്തിലൂടെ അഭിനയ മികവ് ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ജയിലില്‍ കിടന്ന അനുഭവം അദ്ദേഹം ചാനൽ പരിപാടിയ്ക്കിടെ തുറന്നുപറയുകയാണ്.
ജയില്‍ ജീവിതം കാരണം താന്‍ ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം വായിച്ചു. ഓരോ ദിവസവും ആ പുസ്തകമാണ് തനിക്ക് പ്രതീക്ഷകള്‍ നല്‍കിയത് എന്ന് അദ്ദേഹം പറഞ്ഞു.
പൗലോ കൊയ്ലോയുടെ ഫിഫ്ത് മൗണ്ടന്‍ എന്ന പുസ്തകം. ആ കാലഘട്ടത്തില്‍ ബാലമംഗളം, പൂമ്പാറ്റ തുടങ്ങിയ പുസ്തകങ്ങളാണ് വായിക്കാറുള്ളത്. ജയിലില്‍ ആകുമ്പോള്‍ തൊട്ടടുത്ത ദിവസം ഇറങ്ങാം എന്നാണ് ഞാന്‍ കരുതുന്നത്. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി കുറച്ച് സമയം പിടിക്കും എന്ന്. അവിടെ ഉള്ളവരൊക്കെ പറയുന്നുണ്ട് കുറച്ച് കാലം ഇതിനകത്ത് കിടക്കേണ്ടി വരും എന്ന്. ആ സമയം സെല്ലിലേക്ക് വന്ന പുസ്തകമാണ് ഫിഫ്ത് മൗണ്ടൈന്‍. അത് വായിച്ച് തുടങ്ങി. രാത്രി ലൈറ്റ് ഇട്ടു വായിക്കാന്‍ അവര്‍ സമ്മതിക്കില്ല. ഓരോ ദിവസവും പകല്‍ ആകാന്‍ എനിക്ക് ഒരു കാരണമുണ്ട്. അടുത്ത പേജ് വായിക്കണം.
അവസാനം എനിക്ക് മനസ്സിലായി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരു പുസ്തകത്തിന് എത്ര പ്രാധാന്യം നേടാം എന്ന്.കുറിപ്പില്‍ പൊന്നപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയകുമാര്‍ ഒരിക്കല്‍ എന്നെ ജയിലില്‍ കാണാന്‍ വന്നു. അദ്ദേഹം കമ്മട്ടിപ്പാടം എന്ന സിനിമ ആരംഭിക്കാന്‍ പോകുന്ന കാര്യം പറഞ്ഞു. ഇനി നമ്മളെയൊക്കെ വിളിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. വിളിക്കും എന്ന് അദ്ദേഹം പറഞ്ഞു.
അതുപോലെ ചില ഫ്രണ്ട്സ് പറഞ്ഞു.പുറത്ത് വന്നാല്‍ കഥാപാത്രങ്ങള്‍ കിട്ടും. ലീഡ് കഥാപാത്രങ്ങള്‍ കിട്ടില്ലായിരിക്കും. എന്നാല്‍ അതു മാത്രമല്ലല്ലോ നെഗറ്റീവ് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ. അതിനായി എന്നെ വിളിക്കും. അങ്ങനെ ആശ്വസിച്ചു.