ദളിത് ജീവിതം ചിത്രീകരിക്കുന്നതില്‍ മലയാള സിനിമാക്കാര്‍ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെ അലമുറയിടുന്നവര്‍ മലയാള സിനിമയുടെ ചരിത്രം പഠിക്കാൻ ശ്രമിക്കണം; ഡോ ബിജു

ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്നില്ല എന്ന പരാമര്‍ശം തെറ്റാണെന്ന് സംവിധായകന്‍ ഡോ ബിജു. അത്തരം സിനിമകളെ തമസ്‌കരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം എന്ന് അദ്ദേഹം പറഞ്ഞു.തന്റെ വെയില്‍ മരങ്ങള്‍ എന്ന സിനിമ അത്തരം ഒരു പ്രമേയമാണ് സംസാരിച്ചത്.

ഡോ ബിജുവിന്റെ വാക്കുകള്‍ ഇങ്ങനെ

ദളിത് വിഷയങ്ങള്‍ സിനിമ ആക്കുന്ന കാര്യത്തില്‍ മലയാളത്തിലെ ഫിലിം മേക്കേഴ്സ് ഒക്കെ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെയുള്ള ഓരോ വിലയിരുത്തലുകള്‍ നടത്തി കുറെ ഏറെ ആളുകള്‍ എഴുതുന്നുണ്ട് . അവരുടെ അറിവിലേക്കായി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ പ്രസിദ്ധീകരണമായ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ വെയില്‍മരങ്ങള്‍ എന്ന മലയാള സിനിമയെ പറ്റി 2019 ല്‍ എഴുതിയ റിവ്യൂവിലെ ആദ്യ ഖണ്ഡിക താഴെ കൊടുക്കുന്നു .മലയാളത്തില്‍ ദളിത് വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സിനിമകള്‍ ഉണ്ടാകുന്നില്ല എന്നതല്ല യാഥാര്‍ഥ്യം മറിച്ചു ആ സിനിമകള്‍ മലയാളി കാണാതെ തമസ്‌കരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം .

ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ കുറച്ചു തിയറ്ററുകളിലായി സിനിമ റിലീസ് ചെയ്തിരുന്നു . കേരളത്തില്‍ ആയിരുന്നു ഏറ്റവും കുറച്ചു കാണികള്‍ തിയറ്ററില്‍ എത്തിയത്. മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലും സിനിമ രണ്ടു വര്ഷം ആയിട്ടും ഇതേവരെ സംപ്രേഷണം ചെയ്തിട്ടില്ല .മലയാളത്തിലെ സ്ഥിരം നിരൂപകന്മാരില്‍ ഭൂരിപക്ഷവും സിനിമയെ പറ്റി ഒരു വരി പോലും എഴുതിയിട്ടില്ല. സംസ്ഥാന. ചലച്ചിത പുരസ്‌കാര നിര്‍ണ്ണയ ജൂറി ആദ്യ റൗണ്ടില്‍ തന്നെ ചിത്രം ഇഷ്ടപ്പെടാതെ പുറന്തള്ളി . അവസാന ഘട്ടത്തില്‍ എത്താനുള്ള 25 സിനിമകളില്‍ പോലും പെടാന്‍ അര്‍ഹതയില്ല എന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍ ..അടിമുടി ദളിത് പരിപ്രേക്ഷ്യത്തില്‍ ഉള്ള ചിത്രം ആണ് വെയില്‍മരങ്ങള്‍ . കേരളത്തില്‍ പൂര്‍ണ്ണമായും തഴയപ്പെടുകയും ചര്‍ച്ചയ്ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്ത ഈ സിനിമയുടെ ആദ്യ പ്രദര്‍ശനം ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ആയിരുന്നു . മികച്ച ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റിനുള്ള ഗോള്‍ഡന്‍ ഗൊബ്ലറ്റ് പുരസ്‌കാരം ലഭിച്ചതിലൂടെ ഷാങ്ഹായ് മേളയില്‍ മത്സര വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ ആയി . ലോകത്തെ ഏറ്റവും പ്രശസ്തരായ മാസ്റ്റര്‍ ഫിലിം മേക്കേഴ്സില്‍ ഒരാളായ നൂറി ബില്‍ഗേ സെയ്ലാന്‍ ആയിരുന്നു ജൂറി ചെയര്‍മാന്‍ .തുടര്‍ന്ന് അനേകം അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശനം. അഞ്ചു അന്താരാഷ്ട്ര അവാര്‍ഡുകള്‍ , (ഇന്ദ്രന്‍സിനു സിംഗപ്പൂര്‍ ചലച്ചിത്ര മേളയില്‍ മികച്ച നടന്‍ ഉള്‍പ്പെടെ ). ദളിത് ജീവിതം സംസാരിക്കുന്ന കേരളം പുറന്തള്ളിയ ഈ സിനിമ ഇപ്പോഴും നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നു .ഈ മാസം ജക്കാര്‍ത്ത ചലച്ചിത്ര മേളയില്‍ പ്രദര്‍ശനം ഉണ്ട് .

ദളിത് ജീവിതം ചിത്രീകരിക്കുന്നതില്‍ മലയാള സിനിമാക്കാര്‍ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെ അലമുറയിടുന്നവര്‍ മിനിമം മലയാള സിനിമയുടെ ചരിത്രം എങ്കിലും ഒന്ന് പഠിക്കുവാന്‍ ശ്രമിക്കണം.ദളിത് പരിസരങ്ങള്‍ പ്രമേയമാക്കിയ ജാതിക്കെതിരെ സംസാരിക്കുന്ന വേറെയും ചില സിനിമകള്‍ ഉണ്ട് ജയന്‍ ചെറിയാന്റെ പപ്പിലിയോ ബുദ്ധ , സനലിന്റെ ഒഴിവു ദിവസത്തെ കളി , ഷാനവാസ് നരണിപ്പുഴയുടെ കരി , സജി പാലമേലിന്റെ ആറടി , ജീവ കെ ജെ യുടെ റിക്ടര്‍ സ്‌കെയില്‍ . പ്രതാപ് ജോസഫിന്റെ ഒരു രാത്രി ഒരു പകല്‍, എന്റെ തന്നെ കാട് പൂക്കുന്ന നേരം, പേരറിയാത്തവര്‍.

Noora T Noora T :