സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാകുന്നു… നമ്മളെ അദ്ഭുതപ്പെടുത്തുന്നു… നിങ്ങള്‍ ഇനിയും ഒരുപാട് പാവപ്പെട്ട മനുഷ്യരിലൂടെ ജീവിക്കും; ഹരീഷ് പേരടി

കന്നഡ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ ഹരീഷ് പേരടി. താരജാഡകളില്ലാതെ പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തു പിടിച്ച നടനായിരുന്നു പുനീതെന്നും സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാകുന്നുവെന്നും ഹരീഷ് പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകൾ:

ഒൻപത് വാതിലുകള്‍ തുറന്നിട്ട ഒരു കൂടാണ് ശരീരം… ജീവന്‍ എന്ന കിളി ഏത് നിമിഷവും അതിലൂടെ പറന്നുപോകാം… മരണം ഒരു അദ്ഭുതമല്ല… ജീവിതമാണ് അദ്ഭുതം.. അതുകൊണ്ട് മരണത്തിന്റെ കാരണം വിലയിരുത്തുന്നതിനെക്കാള്‍ നല്ലത് അയാള്‍ എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കുന്നതായിരിക്കും… സ്വന്തം ശരീരം മാത്രമല്ല അയാള്‍ സംരക്ഷിച്ചത്…

പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം, ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങനെ ഒരുപാട് മനുഷ്യര്‍ക്ക് തണലായിരുന്നു അയാള്‍… എങ്ങനെ ജീവിച്ചു എന്നത് തന്നെയാണ് പ്രധാനം.. സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാകുന്നു… നമ്മളെ അദ്ഭുതപ്പെടുത്തുന്നു… പ്രിയപ്പെട്ട പുനീത് രാജ്കുമാര്‍.. നിങ്ങള്‍ ഇനിയും ഒരുപാട് പാവപ്പെട്ട മനുഷ്യരിലൂടെ ജീവിക്കും… ശ്രി ബുദ്ധനെ പോലെ യഥാർഥ രാജകുമാരനായി… ആദരാഞ്ജലികള്‍.

Noora T Noora T :