സംവിധായകനും ഛായാഗ്രാഹകനുമായ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച പകൽ രണ്ടു മണിക്ക് ശാന്തികവാടത്തിൽ നടക്കും.

കെ.വേലായുധൻ നായർ എന്നാണ് ക്രോസ്ബെൽറ്റ് മണിയുടെ യഥാർഥ പേര്. മലയാള ചലച്ചിത്രരംഗത്ത് തന്റെ സിനിമയുടെ പേരിൽ അറിയപ്പെടുന്ന ഏക സംവിധായകൻ ഇദ്ദേഹമായിരിക്കും. അൻപതിലേറെ സിനിമകൾ സംവിധാനം ചെയ്തു.

ക്രോസ്ബെൽറ്റ് എന്ന സിനിമ സംവിധാനം ചെയ്തതോടെയാണ് അദ്ദേഹത്തിന് ക്രോസ്ബെൽറ്റ് മണി എന്ന പേര് ലഭിച്ചത്. എൻ.എൻപിള്ളയുടെ നാടകം അതേ പേരിൽ സിനിമയാക്കുകയായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും എൻ.എൻ പിള്ളയാണ് തയാറാക്കിയത്. സത്യനും ശാരദയും സഹോദരീസഹോദരൻമാരായി അഭിനയിച്ച ചിത്രം മികച്ച സാമ്പത്തിക വിജയം നേടി.

പ്രമുഖസംവിധായകൻ ജോഷിയുടെ തുടക്കം ക്രോസ്ബെൽറ്റ് മണിയോടൊപ്പം ആയിരുന്നു. ഇരുപതോളം സിനിമകളിൽ ജോഷി മണിയുടെ സംവിധാനസഹായി ആയി. മണിയോടൊപ്പം മാത്രമാണ് ജോഷി സഹസംവിധായകൻ ആയി പ്രവർത്തിച്ചിട്ടുള്ളത്. ജോഷിയുടെ ആദ്യസിനിമ ആയ ടൈഗർ സലിമിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത് ക്രോസ്ബെൽറ്റ് മണി ആയിരുന്നു.

Noora T Noora T :