അന്ന് അഭിനയിക്കാൻ വിളിച്ചപ്പോൾ ഒറ്റ കരച്ചില്‍; രണ്ട് തവണ അവസരം വന്നിട്ട് പോകാത്തവള്‍ ഒരു സുപ്രഭാതത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞു ; അന്ന ബെന്നിനെ കുറിച്ച് അച്ഛൻ ബെന്നി പി. നായരമ്പലം!

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ സിനിമയിലൂടെ മലയാളി ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. തുടര്‍ന്നങ്ങോട്ട് അന്ന ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതുമായിരുന്നു.ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സാറാസും അന്നയ്ക്ക് വലിയ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു. മാത്രമല്ല അച്ഛനും മകളുമായി സിനിമയിലും അഭിനയിക്കാനുള്ള ഭാഗ്യം കൂടി സാറാസിലൂടെ അന്നയ്ക്കും ബെന്നി പി. നായരമ്പലത്തിനും ലഭിച്ചു.

എന്നാല്‍ അന്ന സിനിമയില്‍ എത്തുമെന്നോ അഭിനയിക്കുമെന്നോ താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പറയുകയാണ് ബെന്നി പി. നായരമ്പലം. ഒരു അഭിമുഖത്തിലാണ് അന്ന ബെന്നിന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് അദ്ദേഹം വാചാലനായത്.

”സിനിമയില്‍ അന്ന അഭിനയിക്കുമെന്ന് ഞാന്‍ മാത്രമല്ല വീട്ടിലും ആരും കരുതിയില്ല. അന്ന പോലും ചിന്തിച്ചില്ല. ലാല്‍ജോസിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിളിച്ചു. മൂന്നു വയസില്‍ ബാലതാരമായി അഭിനയിക്കാന്‍ രാജേട്ടന്‍ (രാജന്‍ പി. ദേവ്) വിളിച്ചപ്പോള്‍ ഒറ്റ കരച്ചില്‍. രണ്ടു പ്രാവശ്യം അവസരം വന്നിട്ട് പോവാതെയിരുന്ന ആള് ഒരു സുപ്രഭാതത്തില്‍ പറയുന്നു അഭിനയിക്കണമെന്ന്. വേണമെങ്കില്‍ എന്റെ സിനിമയില്‍ ഒന്നോ രണ്ടോ സീന്‍ തരാമെന്ന് ഞാനും പറഞ്ഞിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഒഡിഷനു പോവട്ടെ എന്ന് അന്ന ചോദിച്ചപ്പോള്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ തലവര പോലെ എല്ലാം കയറിവന്നു. ഞാന്‍ തിരക്കഥ എഴുതുന്ന സിനിമയില്‍ അന്ന നായികയാവുമോ എന്നു പലപ്പോഴും ചോദിക്കുന്നവരുണ്ട്. ചിലപ്പോള്‍ സംഭവിക്കാം. സംഭവിക്കാതിരിക്കാം. എല്ലാം ഒത്തുവരണം. അല്ലെങ്കില്‍ അന്നയുടെ റിയലിസ്റ്റിക് സിനിമയിലെ അഭിനയയാത്ര തുടരും. എനിക്കു ആ യാത്ര ഏറെ സന്തോഷം തരുന്നുണ്ട്.

തിരക്കഥാകൃത്ത് എന്ന നിലയില്‍ മുപ്പതുവര്‍ഷം അറിയപ്പെട്ടു. ഇനി മകളുടെ പേരില്‍ കൂടി അറിയപ്പെടട്ടേയെന്നും ബെന്നി പറയുന്നു. മുപ്പതു സിനിമകള്‍ക്കു ഞാന്‍ തിരക്കഥ എഴുതി. അധികവും സൂപ്പര്‍ ഹിറ്റുകള്‍. എന്നാല്‍ ഒരു കഥാപാത്രം ചെയ്തപ്പോഴാണ് നിറുത്താതെ വിളി വന്നത്. കുമ്പളങ്ങി നൈറ്റ്‌സ് കണ്ടു അന്ന മകളാണെന്ന് അറിഞ്ഞപ്പോഴും ഇതേപോലെ വിളി വന്നു. ജീവിതത്തിലെ സന്തോഷങ്ങളാണ് ഇതെല്ലാം. പെട്ടെന്ന് കണ്ടപ്പോള്‍ അതിശയിച്ചെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇനിയും അഭിനയിക്കണമെന്ന് പ്രോത്സാഹനവും തന്നു. എഴുത്തിന്റെ ആകുലതയില്ലാത്തതിനാല്‍ അഭിനയം ആസ്വദിക്കാന്‍ കഴിയുന്നുണ്ട്,” ബെന്നി പറഞ്ഞു.

about anna

Safana Safu :