ഉറഞ്ഞ് തുള്ളി സിദ്ധിഖ് പിടിവിടാതെ മുകേഷ് ‘അമ്മ’യിൽ ഇന്നലെ സംഭവിച്ചത്! മോഹൻ ലാലിന്റെ മൗനം എന്ത് കൊണ്ട്?

ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടന ‘അമ്മ’യില്‍ വീണ്ടും വാക്കേറ്റം ഉണ്ടായിരിക്കുകയാണ്. ഇതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് അമ്മ സംഘടന. കള്ളപ്പണക്കേസില്‍ ഇഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ തല്‍ക്കാലം അമ്മ കൈവിടില്ല. ബിനീഷ് കോടിയേരിക്കെതിരെ നടപടി ഉടന്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. ബിനീഷിനോട് വിശദീകരണം തേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംഘടനവാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരെനടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേശ് കുമാര്‍ എംഎ‍ല്‍എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ചയായത്.

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം.

ഒരുവിഭാഗം അംഗങ്ങള്‍ ബിനീഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിശദീകരണം തേടാനാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗ തീരുമാനം. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ബിനീഷിനെതിരെ നടപടി വേണമെന്ന് കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. ചര്‍ച്ചയുടെ തുടക്കത്തില്‍, വാക്കേറ്റങ്ങള്‍ക്കിടയിലും സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ മൗനം പാലിച്ചുവെങ്കിലും ബിനീഷിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന സി.പി.എം എം.എല്‍.എയും ‘അമ്മ’ ഭാരവാഹിയുമായ മുകേഷിന്റെ നിലപാടിനോട് അദ്ദേഹം യോജിക്കുകയായിരുന്നു. തുടര്‍ന്ന് ബിനീഷിനോട് തത്ക്കാലം വിശദീകരണം തേടാമെന്ന മുകേഷിന്റെ നിലപാടും മോഹന്‍ലാല്‍ അംഗീകരിച്ചതോടെ ഈ നിലപാടില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് നടന്‍ സിദ്ദിഖ് രംഗത്തുവന്നു.

ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്നായിരുന്നു സിദ്ദിഖ് ആവശ്യപ്പെട്ടത്. നടന്‍ ബാബുരാജും ബിനീഷിനെ പുറത്താക്കണമെന്ന സിദ്ദിഖിന്റെ അഭിപ്രായത്തോട് യോജിച്ചു. ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ അംഗമായിരുന്ന നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുകേഷും വാദിച്ചു. തുടര്‍ന്ന് തന്റെ നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അതെ സമയം പാര്‍വതിയുടെ രാജി യോഗം അംഗീകരിക്കുകയും ചെയ്തു

അതെ സമയം തന്നെ ഈ വിഷയത്തിൽ പ്രതികരിച്ച നടൻ നടന്‍ ഷമ്മി തിലകൻ എത്തിയിരിക്കുകയാണ് . ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്, മറിച്ച് സ്ഥാനത്ത് ഇരിക്കുന്ന ചിലരാണ് എന്ന് ഷമ്മി തിലകൻ പറയുന്നു.’ഇവരെ എങ്ങനെ പുറത്താക്കുമെന്നതാണ് അമ്മയിലെ പ്രധാന പ്രശ്നം. എന്തുകൊണ്ട്, എങ്ങനെ, ആരെ പുറത്താക്കണം എന്നതാണ് ഇവിടെ വിഷയം. കാരണം പുറത്താക്കാൻ അധികാരമില്ലാത്തവരാണ് അവിടെ സ്ഥാനത്ത് ഇരിക്കുന്നത്. അവരാണ് പുറത്താകേണ്ടത്. അത് തെളിവു സഹിതം ഞാൻ അമ്മയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇവിടെ പ്രശ്നങ്ങൾ സങ്കീർണമാകാൻ കാരണം– അദ്ദേഹം പറഞ്ഞു.

Noora T Noora T :