ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ബിഗ് ബോസ് താരവും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസ്. നന്ദു മഹാദേവയുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഫിറോസിന്. ഇപ്പോഴിതാ നന്ദുവിന്റെ വലിയ സ്വപ്നങ്ങളിലൊന്ന് സാക്ഷാത്ക്കരിക്കുന്നതിനെക്കുറിച്ചും,അനാഥാലയത്തിനായൊരുക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ എത്തിക്കാമോയെന്നും ചോദിച്ചെത്തിയിരിക്കുകയാണ് കിടിലം ഫിറോസ്.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നന്ദുവിന്, മലയാളക്കരയുടെ പ്രിയപ്പെട്ട അതിജീവനത്തിന്റെ രാജകുമാരന് കൊടുത്ത വാക്ക് പാലിക്കണം. അന്നവന് കാണണം എന്നാഗ്രഹിച്ചു വിളിച്ചു വരുത്തിയതാണ് ഞങ്ങളെ. ആശുപത്രി മുറിയില്‍ അവസാന നാളുകളില്‍ ഒന്നില്‍ കീമോ തെറാപ്പി കഴിഞ്ഞ ക്ഷീണത്തിലും ചിരിച്ചുകൊണ്ട് പറഞ്ഞത് – നമുക്കൊരു ഇടം വേണം ,ക്യാന്‍സറിനോട് പോരാടുന്നവര്‍ക്ക് സമാധാനത്തോടെ ,സ്നേഹത്തോടെ പൊരുതാന്‍ ,അവരെ ചേര്‍ത്ത് പിടിക്കാന്‍ ഒരിടം. അന്നുകൊടുത്ത വാക്കാണ് -‘ചിറക് ‘എന്ന ഞങ്ങളുടെ സംഘടനയ്ക്ക് ഒരു മേല്‍ക്കൂര ഉണ്ടാകുമ്പോള്‍ രോഗമൊക്കെ മാറി മിടുക്കനായി തിരികെയെത്തുമ്പോള്‍ നന്ദുവിന്റെ പ്രവര്‍ത്തങ്ങള്‍ക്കായി അതിലൊരു മുറി മാറ്റിവയ്ക്കും എന്നത് .അവന് പോയി. ഒരുപാടു പേര്‍ക്ക് അതിജീവനത്തിനു പ്രേരണ നല്കി യാത്രയായി.

അത്രമേല്‍ പ്രിയപ്പെട്ട നന്ദു, നിനക്ക് തന്ന വാക്ക് യാഥാര്‍ഥ്യമാവുകയാണ്. ‘ചിറക് ‘ തിരുവനന്തപുരം ആര്‍സിസിയുടെ അടുത്ത് ഒരു മേല്‍ക്കൂര സ്വന്തമാക്കിയിരുന്നു. ഒരാളും അനാഥരാകാതിരിക്കാനായി ‘സനാഥാലയം ‘എന്ന പേരിട്ട് ഞങ്ങളതിനെ ഒരുക്കുകയാണ്. ക്യാന്‍സര്‍ പോരാളികളായ ഒരുപാടുപേര്‍ക്ക് ചികിത്സാര്‍ത്ഥം വന്നുതങ്ങാന്‍ ഒരിടം .അവര്‍ക്കു ഞങ്ങള്‍ വച്ചുവിളമ്പും. കഴിയുന്നതിന്റെ പരമാവധി കംഫര്‍ട്ടബിള്‍ ആയി അവരെ താമസിപ്പിച്ചു പോരാട്ടത്തിന് ഊര്‍ജം നല്‍കും. അവിടെ ഒരു മുറി നിനക്കായി മാറ്റിവച്ചു. ‘ആകാശം ‘എന്നാണ് ആ മുറിയുടെ പേര്. താഴെ നന്ദു മഹാദേവ മെമ്മോറിയല്‍ ലൈബ്രറി എന്നുമുണ്ടാകും. അതേ, നിനക്കായി ഒരുപാടു പുസ്തകങ്ങളുടെ ആകാശം തുറന്നിടാനൊരുങ്ങുകയാണ് ചിറക്.
പ്രിയപ്പെട്ട കൂടെപ്പിറപ്പുകളെ, സനാഥാലയം ദിവസങ്ങള്‍ക്കുള്ളില്‍ നാടിനു സമര്‍പ്പിക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് .അതേ ദിവസം തന്നെ ഒരു വായനാമുറി കൂടി ഉദ്ഘാടനം ചെയ്യപ്പെടണം. അവന്റെ പേരില്‍, അതിന് നിങ്ങളുടെ സഹായം വേണം .നിങ്ങളോ സുഹൃത്തുക്കളോ വായിച്ചു കഴിഞ്ഞതോ, നിങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വാങ്ങി നല്‍കാവുന്നതോ ആയ പുസ്തകങ്ങളുടെ ആവശ്യം ഉണ്ട്. കൊണ്ടെത്തിക്കാമോ? അല്ലെങ്കില്‍ കൊറിയര്‍ ചെയ്യാമോ? അതും കഴിഞ്ഞില്ലെങ്കില്‍ ശേഖരിച്ചു വച്ചിട്ട് വിളിക്കാമോ ?ഞങ്ങള്‍ കളക്ട് ചെയ്തോളാം. നമുക്കൊരു മനോഹരമായ ലൈബ്രറി നിര്‍മിക്കണം. അറിവിന്റെ ‘ആകാശം ‘ആയി സനാധാലയം ഉള്ളിടത്തോളം ഞങ്ങളുടെ നന്ദുവിന്റെ സാന്നിദ്ധ്യവും ഉണ്ടാകണം .10 ദിവസങ്ങളാണ് ഇനി മുന്പില് .അതിനുള്ളില്‍ 1000 പുസ്തകങ്ങള്‍ കൊണ്ട് നിറയ്ക്കണം നമുക്കത് .’ആകാശം. പുസ്തകങ്ങള്‍ അയയ്ക്കുന്നവര്‍ ബന്ധപ്പെടാനുള്ള നമ്പറുകളും കൊറിയര്‍ ചെയ്യാനുള്ള വിലാസവും അദ്ദേഹം നല്‍കിയിട്ടുണ്ട്.