ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ഇനിയും കേരളം ആഘോഷിച്ചുകൊണ്ടേയിരിക്കും…ആള്‍ക്കൂട്ടങ്ങളുടെ നായകൻ ജനമനസറിയുന്ന,അവരുടെ കണ്ണീരിന്റെ വിലയറിയുന്ന ജനപ്രതിനിധിയാണ്; ഉമ്മൻചാണ്ടിക്ക് ആശംസയുമായി ആന്റോ ജോസഫ്

നിയമസഭാംഗത്വത്തിൽ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടിക്ക് ആശംസ അറിയിച്ച് നിർമാതാവ് ആന്റോ ജോസഫ്.മുതിര്‍ന്ന ജ്യേഷ്ഠനും ഏതുപാതിരയ്ക്കും വിളിച്ചാല്‍ വിളിപ്പുറത്തുള്ള നേതാവുമാണ് തനിക്ക് ഉമ്മൻചാണ്ടിയെന്ന് ആന്റോ ജോസഫ് കുറിച്ചു വിശേഷണങ്ങള്‍ക്ക് അതീതമായ വ്യക്തിത്വമാണ് ഉമ്മൻചാണ്ടിയെന്നും നിർമ്മാതാവ് പറഞ്ഞു

ആന്റോ ജോസഫിന്റെ വാക്കുകൾ:

ഞാന്‍ ആദ്യമായി ‘പരിചയപ്പെട്ട’ രാഷ്ട്രീയനേതാവാണ് ഉമ്മന്‍ചാണ്ടി. പശുവിനും കിടാവിനുമൊപ്പം ഞങ്ങളുടെ നാട്ടിലെ മതിലില്‍ തെളിഞ്ഞുനിന്ന കൗതുകം. 1977 ലെ തിരഞ്ഞെടുപ്പായിരുന്നു അത്. പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്‍പ്പെട്ട കൂരോപ്പട പഞ്ചായത്തിലെ പങ്ങട സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ പോയ അച്ഛയോടും അമ്മയോടുമൊപ്പം വിരലില്‍തൂങ്ങി ഞാനുമുണ്ടായിരുന്നു. സ്‌കൂളിലേക്കുള്ള വഴിയില്‍ അങ്ങിങ്ങായി ചില ചുവരെഴുത്തുകള്‍. അച്ഛ പറഞ്ഞുതന്നു. ‘ഇതാണ് നമ്മുടെ സ്ഥാനാര്‍ഥീടെ പേര്-ഉമ്മന്‍ചാണ്ടി’.

പേരിനേക്കാൾ എന്റെ നോട്ടത്തെ പിടിച്ചെടുത്തത് അതിനൊപ്പമുള്ള ചിത്രമാണ്. അദ്ദേഹത്തിന്റെ ചിഹ്നം അന്ന് പശുവും കിടാവുമായിരുന്നു. ആരോ വരച്ച ആ ചിത്രത്തിലേക്ക് നോക്കിനോക്കി നടന്നുപോയ അഞ്ചുവയസുകാരനെ കാലം പിന്നീട് കേരള വിദ്യാര്‍ഥി യൂണിയന്റെ നീലക്കൊടിയേന്തിച്ചു, ഖദര്‍ ഇടുവിച്ചു. മതിലില്‍ നിന്ന് എന്റെ മനസിലേക്ക് ഉമ്മന്‍ചാണ്ടി കടന്നുവന്നു. അന്നുതുടങ്ങിയതാണ് അദ്ദേഹവുമായുള്ള ബന്ധം. ഒരു മുതിര്‍ന്ന ജ്യേഷ്ഠന്‍. കരുതലിന്റെ മറുവാക്ക്. ഏതുപാതിരയ്ക്കും വിളിച്ചാല്‍ വിളിപ്പുറത്തുള്ള നേതാവ്. ഇതെല്ലാമാണ് എനിക്ക് അദ്ദേഹം. ഇതിനപ്പുറം പലതുമാണ്. വിശേഷണങ്ങള്‍ക്ക് അതീതമായ വ്യക്തിത്വം.

ഉമ്മന്‍ചാണ്ടിയിടുന്ന ഖദറിന് നിറയെ ചുളിവുകളുണ്ടാകുമെങ്കിലും അദ്ദേഹത്തിന് ജനങ്ങളോടുള്ള അടുപ്പത്തിന് സ്‌നേഹത്തിന്റെ മിനുമിനുപ്പുണ്ട്. അതുകൊണ്ടുതന്നെയാണ് പുതുപ്പള്ളി എന്ന മണ്ഡലം അരനൂറ്റാണ്ടായി ആ പേരില്‍ തന്നെ മന:സാക്ഷിയുടെ മുദ്ര പതിപ്പിച്ചുകൊണ്ടേയിരിക്കുന്നതും. സെപ്റ്റംബര്‍ 17ന് അദ്ദേഹം അപൂര്‍വമായ നേട്ടത്തിലേക്കെത്തുകയാണ്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി എന്ന പേര് മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 51 വര്‍ഷങ്ങള്‍ തികയുന്നു.

പാര്‍ലമെന്ററി ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളിലൊന്ന്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വസുവര്‍ണജൂബിലിയുടെ ഒരു വര്‍ഷം നീണ്ട ആഘോഷങ്ങള്‍ക്കും ഇന്ന് തിരശീല വീഴുകയാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ഇനിയും കേരളം ആഘോഷിച്ചുകൊണ്ടേയിരിക്കും. കാരണം, പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ പറയുന്നതുപോലെ ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞിട്ട് ഒരേ ഒരാളേയുള്ളൂ കേരളത്തില്‍. അത് പുതുപ്പള്ളിക്കാരൻ ഉമ്മൻചാണ്ടിയാണ്. ആള്‍ക്കൂട്ടങ്ങളുടെ നായകന്…ജനമനസറിയുന്ന,അവരുടെ കണ്ണീരിന്റെ വിലയറിയുന്ന ജനപ്രതിനിധിക്ക്…അഭിവാദ്യങ്ങള്‍.

Noora T Noora T :