“വഴിയിൽ നിന്നൊരാളെ കിട്ടയതാണ്; കയ്യോടെ പൊക്കി! മണാലിയിൽ വച്ച് ആത്മയാന് വഴിയിൽ നിന്നു കിട്ടിയ പ്രണവ് മോഹൻലാൽ; വിഡിയോ വൈറൽ

പ്രണവ് മോഹൻലാലിനെ ആകസ്മികമായി കണ്ട സന്തോഷം പങ്കുവെച്ച് യുവസഞ്ചാരി ആത്മയാൻ. വലിയൊരു ബാക്ക്പാക്കുമായി മണാലിയുടെ തെരുവുകളിലൂടെ നടന്നു പോകുന്ന പ്രണവ് മോഹൻലാലിന്റെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്

മണാലിയിലേക്ക് സോളോ ട്രിപ്പ് വന്നതായിരുന്നു ആത്മയാൻ (രാജ്കുമാർ സത്യനാരായണൻ). പതിവു കറക്കത്തിനിടെ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോൾ മുഖപരിചയം തോന്നി സംസാരിക്കാൻ അടുത്തു ചെന്നപ്പോഴാണ് അതു പ്രണവ് മോഹൻലാൽ ആണെന്ന് ആത്മയാൻ തിരിച്ചറിഞ്ഞത്. രസകരമായ ആ കൂടിക്കാഴ്ചയുടെ വിഡിയോ ആത്മയാൻ പങ്കുവയ്ക്കുകയും ചെയ്തു.

“വഴിയിൽ നിന്നൊരാളെ കിട്ടയതാണ്,” എന്നൊരു ആമുഖത്തോടെ ആത്മയാൻ പ്രണവിനെ പ്രേക്ഷകർക്ക് മുമ്പിലേക്ക് ക്ഷണിച്ചു. എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്നും പേരെന്താണെന്നും തമാശയ്ക്ക് ചോദിക്കുന്നത് വിഡിയോയിൽ കാണാം. ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ’, എന്നു പറഞ്ഞുകൊണ്ടാണ് ആത്മയാൻ വിഡിയോ അവസാനിപ്പിക്കുന്നത്.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹൻലാൽ. യാത്രകളോടുള്ള പ്രണവിന്റെ ഈ താൽപര്യത്തെക്കുറിച്ച് താരത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുമുണ്ട്.

ഹൃദയം ആണ് പ്രണവ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയാവുന്നത്. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :