9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകൂ എന്ന് പറയുന്നു; വെഡ്ഡിങ് ആനിവേഴ്സറി ദിനത്തിൽ രസകരമായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്. സ്‌ക്രീനിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി പങ്കുവെക്കാറുണ്ട്

അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോൾ ഇതാ വിവാഹ വാര്‍ഷിക ദിനത്തില്‍ രസകരമായ കുറിപ്പിലൂടെയാണ് അശ്വതി ഭര്‍ത്താവിന് ആശംസ അറിയിച്ചിരിക്കുകയാണ് താരങ്ങളും ആരാധകരുമെല്ലാം അശ്വതിക്കും ശ്രീകാന്തിനും ആശംസ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെയാണ്

9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിൻ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും.

കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്‌നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം. 9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ് ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു. ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ. ജീവിതമല്ലേ. പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ, ഹാപ്പി ആനിവേഴ്സറി റ്റു അസ് എന്നുമായിരുന്നു അശ്വതി കുറിച്ചത്.

Noora T Noora T :