യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ദുബൈയില്‍ എത്തി. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരിക്കുന്നതായ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് എത്തിയത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.
കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ദൂരയാത്രകള്‍ എല്ലാം ഒഴുവാക്കിയിരുന്ന മമ്മൂട്ടിയുടെ ആദ്യ യാത്ര ദുബായിലേക്കാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടി വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ചത്.
അതേസമയം മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്‍റേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രങ്ങള്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെയായി റിലീസ് നീണ്ടുപോയ ചിത്രമാണ് മരക്കാര്‍. ഏറ്റവുമൊടുവില്‍ ഓണം റിലീസ് ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്നില്ല. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫിന്‍റെ 12ത്ത് മാന്‍, തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് എന്നിവയൊക്കെ മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളാണ്.