ഞാൻ ഇവിടെയാണ്, ശരണ്യയുടെ ഒപ്പം.. ഇന്നലെ അവൾ പോകുമ്പോഴും ഞാൻ ഉണ്ടായിരുന്നു; ആദ്യ പ്രതികരണവുമായി സീമ ജി നായർ

സിനിമാ സീരിയല്‍ താരം ശരണ്യ ശശിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടിയുടെ വിയോഗം സുഹൃത്തുക്കളെയും പ്രേക്ഷകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്നു ശരണ്യ. ചികില്‍സയ്ക്കിടയിലും പ്രതീക്ഷ കൈവിടാതെയാണ് നടിയും കുടുംബവും മുന്നോട്ടുപോയത്. അഭിനയ രംഗത്തേക്ക് വീണ്ടും മടങ്ങിവരണമെന്ന ആഗ്രഹം ശരണ്യക്കുണ്ടായിരുന്നു.

ഇപ്പോഴിതാ ശരണ്യയുടെ ഒപ്പം ഏറെ നാളായി പിന്തുണയായുണ്ടായിരുന്ന നടി സീമ ജി നായര്‍ ശരണ്യയുടെ വിയോഗത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.

ശരണ്യയുടെ വിയോഗം സിനിമാ സീരിയൽ ലോകത്തിന് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നിരവധിപേരാണ് ശരണ്യയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുള്ളത്. ഞാൻ ഇവിടെയാണ്. ശരണ്യയുടെ ഒപ്പം. ഇന്നലെ അവൾ പോകുമ്പോഴും ഞാൻ ഉണ്ടായിരുന്നുവെന്ന് നടി സീമ ജി നായര്‍
ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.

പത്തുവര്‍ഷത്തോളമായി അര്‍ബുദത്തോട് പൊരുതിയ ശരണ്യയ്ക്ക് ആശ്വാസമായത് സീമയുടെ കരുതലായിരുന്നു. ചികിത്സയ്ക്ക് പണം കണ്ടെത്താനും സ്വന്തമായൊരു വീടൊരുക്കാനുമൊക്കെ സീമ സാമ്പത്തിക പിന്തുണ നൽകി ശരണ്യയോട് ഒപ്പം നിൽക്കുകയുമുണ്ടായി.

ശരണ്യയുടെ രോഗ വിവരവും മറ്റും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്ന സീമ വഴി ലോകത്തിന്‍റെ പല ഭാഗത്തുനിന്നും ശരണ്യയിലേക്ക് സഹായമെത്തിയിരുന്നു. ചെമ്പഴന്തിയിൽ ശ്രീനാരാണ ഗുരുകുലത്തിന് സമീപം വെച്ച വീടിന് ശരണ്യ പേരിട്ടത് സ്നേഹസീമ എന്നായിരുന്നു, സീമയോടുള്ള നന്ദി സൂചകമായിട്ടായിരുന്നു ഇത്.

ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ ഒരു ഘട്ടത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശരണ്യയുടേയും അമ്മയുടേയും സന്തോഷങ്ങളിലും ദുഃഖങ്ങളിലും സീമ കൂടെയുണ്ടായിരുന്നു. വീണ്ടും ട്യൂമർ വന്നതും ഒപ്പം കൊവിഡ് വന്നതുമാണ് ആരോഗ്യം മോശമാക്കിയത്. ഒരു മകളെപ്പോലെ തന്നെയായിരുന്നു ശരണ്യ തനിക്കെന്ന് സീമ മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം. അവള്‍ യാത്രയായി, എന്നാണ് ശരണ്യയുടെ വിയോഗ ശേഷം സീമ ഫേസ്ബുക്കിൽ കുറിച്ചത്.

Noora T Noora T :