ചെറുപ്പത്തിൽ ഈ മനുഷ്യന്റെ സിനിമകൾ കാണാൻ പോകുമ്പോൾ തിയ്യറ്ററുകൾക്ക് വായനശാലയുടെ അച്ചടക്കവും സുഗന്ധവുമുണ്ടായിരുന്നു, ഈ മുഖം മലയാളിയായ ഒരു കലാകാരന് തരുന്ന ആത്മ ധൈര്യം വലുതാണ്

അടൂ‍ർ ​ഗോപാലകൃഷ്‍ണന്റെ എൺപതാം പിറന്നാളിന് നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി ഇതിനോടകം എത്തിയത്. അദ്ദേഹത്തെക്കുറിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

എലിപ്പത്തായം ആണ് താൻ ആദ്യമായി കണ്ട അടൂർ ഗോപാലകൃഷ്ണൻ ചിത്രം. ലോക സിനിമയിൽ തന്നെ അദ്ദേഹത്തോട് കിടപിടിക്കാൻ പറ്റിയ സംവിധായകർ വിരളമാണെന്ന് ഹരീഷ് പേരടി കുറിച്ചു

ഹരീഷ് പേരടിയുടെ വാക്കുകൾ

എലിപത്തായം ആയിരുന്നു സാറിൻ്റെ ആദ്യം കണ്ട സിനിമ…പിന്നെ അതിനുമുമ്പുള്ള കൊടിയേറ്റം തൊട്ട് എല്ലാം അന്ന് വിഡിയോ കാസറ്റുകൾ എടുത്ത് കണ്ടു…കണ്ടു എന്ന വാക്ക് തെറ്റാണ്…ഒരു വിദ്യാർത്ഥിയായിരുന്ന് പഠിച്ചു…പിന്നെയെല്ലാം ആർത്തിയോടെ കാത്തിരുന്ന് തിന്നു …എല്ലാത്തിലും കഥകൾ പറയാതെ അദ്ദേഹം മനുഷ്യാവസ്ഥകളെ വരച്ചിട്ടു…അതിൽ ” അനന്തരം” എന്നെ വല്ലാതെ ഉലച്ച സിനിമയാണ്…ഓർമ്മകൾ പറയുന്ന നായകൻ ഭൗതികമായി അയാളില്ലാത്ത ഒരു സ്ഥലവും നമ്മളോട് പങ്കുവെക്കുന്നില്ല..

അയാളില്ലാത്ത സ്ഥലത്ത് എങ്ങിനെ അയാളുടെ ഓർമ്മകൾ ഉണ്ടാവും?..ലോക സിനിമയിൽ തന്നെ അടൂർസാറിനോട് മുട്ടാനുള്ളവരുടെ പേരുകൾക്ക്..ഒരു കൈയ്യിലെ വിരലിൽ എണ്ണം തികക്കാൻ പറ്റില്ല…ചെറുപ്പത്തിൽ ഈ മനുഷ്യൻ്റെ സിനിമകൾ കാണാൻ പോകുമ്പോൾ തിയ്യറ്ററുകൾക്ക് വായനശാലയുടെ അച്ചടക്കവും സുഗന്ധവുമുണ്ടായിരുന്നു…

അങ്ങിനെ പഠിച്ച് സൈക്കളിൻ്റെ മുന്നിലും പിന്നിലുമിരുന്നും,ഇരുട്ടത്ത് ആരാൻ്റെ മതിലിൻ്റെ മുകളിൽ കയ്യറി കൂട്ടുകാർക്കിടയിൽ ഇരുന്നും പരീക്ഷ എഴുതിയതുകൊണ്ട് ഇന്ന് മലയാളത്തിലെയോ അന്യഭാഷയിലെയോ എത്ര പുലികൾ വന്ന് മുന്നിൽ നിന്നാലും ഓർക്കാൻ എനിക്ക് ഈ മുഖമുണ്ട്…ഈ മുഖം മലയാളിയായ ഒരു കലാകാരന് തരുന്ന ആത്മ ധൈര്യം എത്രയോ വലുതാണ്…അതുകൊണ്ട് തന്നെ ഇന്നും അടൂരിലൂടെ യാത്ര ചെയ്യുമ്പോൾ അത് എനിക്ക് ഒരു സ്ഥലമല്ല…ഒരു മനുഷ്യനാണ്…അത് എനിക്ക് ഒരു വഴിയല്ല ഒരു മനുഷ്യൻ്റെ സിരകളാണ്…അടൂർ സാർ നിങ്ങളുടെ കാലത്ത് ജീവിക്കാൻ പറ്റിയ ഞങ്ങൾ ഭാഗ്യവാൻമാരാണ്.

Noora T Noora T :