പഴശ്ശിരാജയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് അവസാനം ഒരു നന്ദി വാക്ക് പോലും കിട്ടിയില്ല; അനുഭവം പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മമ്മൂട്ടി-ഹരിഹന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ പഴശ്ശിരാജ ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ്. ഗോകുലം ഗോപാലന്‌റെ നിര്‍മ്മാണത്തില്‍ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് പഴശ്ശിരാജ റിലീസ് ചെയ്തത്

ഇപ്പോൾ ഇതാ പഴശ്ശിരാജയില്‍ പ്രവര്‍ത്തിച്ച അനുഭവം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഏആര്‍ കണ്ണന്‍.

‘പഴശ്ശിരാജയുടെ തുടക്കം മുതല്‍ പ്രൊഡക്ഷന്‍ ഡിസൈനറായി ഉണ്ടായിരുന്ന ആളാണ് താനെന്ന്’ അദ്ദേഹം പറയുന്നു. ‘അക്ഷരാര്‍ത്ഥത്തില്‍ തുടങ്ങുന്ന സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആ സിനിമ വലുതായി പോയി എന്നതാണ് ഒരു വിഷയമായത്. ആദ്യം നമ്മള് പ്രതീക്ഷിച്ചത് ഒരു നൂറ് ദിവസത്തിനകത്ത് വരുന്ന ഷൂട്ട് അങ്ങനെ ആയിരുന്നു’, ഏആര്‍ കണ്ണന്‍ പറയുന്നു.

‘പിന്നെ ആ പ്രോജക്ട് അങ്ങ് വളര്‍ന്നുപോയി. ചരിത്ര സിനിമയാണല്ലോ. അപ്പോ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന സംഭവങ്ങളൊക്കെ അവിടെ ഉണ്ടാവണം. അവിടെ കോംപ്രമൈസ് എന്നൊരു സംഭവമില്ല. പിന്നെ ഒരു കോംപ്രമൈസിനും തയ്യാറാവുന്ന സംവിധായകനല്ല ഹരിഹരന്‍ സാര്‍. സിനിമയ്ക്കും സ്‌ക്രിപ്റ്റിനും എന്ത് ആവശ്യമുണ്ടോ അത് അദ്ദേഹത്തിന് കിട്ടിയിരിക്കണം. അവിടെ ഒരു കോംപ്രമൈസും ഇല്ല’.

‘അവിടെ ആര്‍ക്കും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ല. അവിടെ എല്ലാം പക്കയായിരുന്നു. ഹരിഹരന്‍ സാറിനൊപ്പം ആദ്യത്തെ സിനിമയായിരുന്നു എന്നും’ ഏആര്‍ കണ്ണന്‍ പറഞ്ഞു.

‘ഏകദേശം രണ്ട് വര്‍ഷം കൊണ്ടാണ് പഴശ്ശിരാജ പൂര്‍ത്തീകരിച്ചത്. അപ്പോ ഞങ്ങളെ സംബന്ധിച്ച് മുന്‍പ് കമ്മിറ്റ് ചെയ്ത ഒന്നു രണ്ട് പടങ്ങളൊക്കെ വിടേണ്ടി വന്നു. പ്രീ പ്രൊഡക്ഷന് വേണ്ടി ആ പടത്തില്‍ കുറെ വര്‍ക്ക് ചെയ്തു. പ്രീ പ്രൊഡക്ഷന്‍ മുതല്‍ ഷൂട്ടിംഗിന്റെ പകുതി വരെ അതില് ജോലി ചെയ്തു. എന്നാല്‍ പിന്നീട് ഞങ്ങള് കുറെ ടെക്നീഷ്യന്‍സിന് ആ പടത്തിന്റെ ഭാഗമല്ലാതാകേണ്ട ഒരു അവസ്ഥ വന്നു. അതാണ് ഞങ്ങള്‍ക്ക് സങ്കടമുണ്ടാക്കിയത്’.

‘അതിന്റെ ഷൂട്ടിംഗ് ഡേറ്റ് എല്ലാം കൈയ്യിലുണ്ട്. പിന്നെ അവസാനം മുന്‍പോട്ട് പോവാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോ ഞങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞ പൈസ പ്രൊഡ്യൂസറിന്റെ ഭാഗത്തുനിന്ന് തന്നതുകൊണ്ട് ഞങ്ങള് സ്വയം പിന്മാറുന്ന എഗ്രിമെന്റും എഴുതികൊടുത്ത് നല്ല രീതിയിലാണ് പിരിഞ്ഞത്. കാരണം അതൊരു വലിയ പ്രോജക്ടാണ്. അത് തീരുക എന്നുളളതാണ് ആവശ്യം. അങ്ങനെ സാഹചര്യങ്ങള് നമുക്ക് അനുകൂലവും പ്രതികൂലവും ഒകെയാവും. അതെല്ലാം സിനിമ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അനുഭവങ്ങളാണ്’, അഭിമുഖത്തില്‍ ഏആര്‍ കണ്ണന്‍ പറഞ്ഞു.

Noora T Noora T :