ആദ്യ സിനിമയിലെ അപൂർവചിത്രവും ഓർമകളും പങ്കുവച്ച് മമ്മൂട്ടി. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പഴയകാലം ഓർത്തെടുത്തത്. ഇന്നു കാണുന്ന മമ്മൂട്ടിയുടെ രൂപമല്ലാതിരുന്നിട്ടും ആ സിനിമയിലെ തന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് അതു സ്ക്രീൻ ഗ്രാബ് ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
മമ്മൂട്ടിയുടെ വാക്കുകൾ:
“ഇതു ചെയ്ത വ്യക്തിക്ക് വലിയ നന്ദി! സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബ് ആണിത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ കറക്ട് ചെയ്തെടുത്തത്.

കടന്നുപോയ ഒരു കാലട്ടത്തിലെ ഉജ്വലമായ ഓർമകൾ ഈ ചിത്രം തിരികെ എത്തിക്കുന്നു. സത്യൻ മാഷിനൊപ്പം ഒരു സിനിമയിൽ ഒന്നിച്ചുണ്ടാകാനുള്ള അപൂർവ അവസരം എനിക്കു ലഭിച്ചിരുന്നു. ഷോട്ടുകൾക്കിടയിലെ വിശ്രമവേളയിൽ അദ്ദേഹം ഉറങ്ങുമ്പോൾ ആ കാൽതൊട്ടു വന്ദിച്ചത് ഞാനിപ്പോൾ ഓർക്കുന്നു.”
പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ ചിത്രത്തിനു കമന്റുകളുമായി എത്തി. നിധിപോലൊരു ചിത്രം എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ടൊവീനോ, ഉണ്ണി മുകുന്ദൻ, രജിഷ വിജയൻ, ടിസ്ക ചോപ്ര, കാളിദാസ് ജയറാം തുടങ്ങി താരങ്ങളുടെ നീണ്ടനിരയാണ് കമന്റ് ബോക്സിൽ കാണാനാകുക.